കുവൈത്തില്‍ ശക്തമായ മഴ , ഒരു മരണം
കുവൈറ്റില്‍ ശക്തമായി തുടരുന്ന മഴയില്‍ റോഡുകളും പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. വെള്ളപ്പൊക്കത്തില്‍ ഒരു മരണം സ്ഥിരീകരിച്ചു. ഫഹാഹീലില്‍ അഹമ്മദ് ബറാക് അല്‍ ഫദലി(32) ആണ് മരിച്ചത്. ഫാഹേലില്‍ ഈജിപ്ഷ്യന്‍ സ്വദേശി കെട്ടിടത്തിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മുങ്ങിമരിച്ചതായി റിപ്പോര്‍ട്ട് ഉണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
വെള്ളിയാഴ്ച പകല്‍ ആരംഭിച്ച മഴ രാത്രിയോടെ കടുക്കുകയായിടുന്നു. രാത്രിയോടെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പോലിസിന്റെ നിര്‍ദേശപ്രകാരം വാഹനങ്ങള്‍ വഴിയില്‍ ഉപേക്ഷിച്ചു യാത്രക്കാര്‍ രക്ഷപെട്ടു. റോഡുകളില്‍ അതിരൂക്ഷമായ ഗതാഗത കുരുക്കും നേരിട്ടു.
റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയ സാഹചര്യത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അപാകതകള്‍ വിമര്‍ശന വിധേയമായിരുന്നു. ഇതിനെ തുടര്‍ന്ന് കുവൈറ്റ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഹുസാം അല്‍ റുമി രാജിവച്ചു.
മുനിസിപ്പല്‍ അധികൃതരും സുരക്ഷ അധികൃതരും അഗ്നിശമന വിഭാഗവും സംയോജിച്ചുള്ള രക്ഷാ പ്രവര്‍ത്തനം അപകടങ്ങള്‍ ഒഴിവാക്കി. അടുത്ത രണ്ട് ദിവസം കൂടി മഴ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ കഴിവതും വീടിനുള്ളില്‍ കഴിയാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.