നെയ്യാറ്റിന്‍കര കൊലപാതകം ; സനല്‍ കുമാറിന്റെ ഭാര്യക്ക് ജോലി നല്‍കണമെന്ന് ആവശ്യം
നെയ്യാറ്റിന്‍കര സനല്‍ കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സനല്‍ കുമാറിന്റ ഭാര്യക്ക് ജോലി നല്‍കണമെന്ന് പൊലീസ്. ഇത് സംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കി. ഡിവൈഎസ്പി പ്രതിയായ കേസിലാണ് ഡിജിപിയുടെ നടപടി. സനല്‍ കുമാറിന്റെ ഭാര്യക്ക് ജോലി നല്‍കണമെന്ന കുടുംബത്തിന്റെ അപേക്ഷയിലാണ് ഡിജിപി മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയത്.
സനലിനെ ആക്രമിച്ചയിടത്ത് മക്കളുമായി സമരമിരിക്കുമെന്നും മരണം വരെ സമരം തുടരുമെന്നും സനലിന്റെ ഭാര്യ വിജി ഇന്നലെ പറഞ്ഞിരുന്നു. അറസ്റ്റ് ഇനിയും വൈകിയാല്‍ സെക്രട്ടറിയറ്റിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തുമെന്ന് സനലിന്റെ സഹോദരിയും ഇന്നലെ പ്രതികരിച്ചിരുന്നു. പ്രതിയെ പിടികൂടുന്നതിനൊപ്പം കുടംബത്തിന് നഷ്ടപരിഹാരവും സനലിന്റെ ഭാര്യക്ക് ജോലിയും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു.
അടുത്ത ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സനലിന്റെ ഭാര്യയും മക്കളും സത്യാഗ്രഹം തുടരാനാണ് പദ്ധതി. ഹരികുമാറിന് സേനയ്ക്കുള്ളില്‍നിന്ന് സഹായം കിട്ടുന്നുണ്ടെന്നും പൊലീസിലുള്ള വിശ്വാസം ഓരേ ദിവസവും കുറയുകയാണെന്നും സനല്‍കുമാറിന്റെ സഹോദരി പറഞ്ഞു. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവും ബന്ധുക്കളില്‍നിന്ന് ഉയരുന്നുണ്ട്.
സംഭവം നടന്ന് ആറുദിവസമായിട്ടും പ്രതിയായ ബി.ഹരികുമാറിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഹരികുമാര്‍ പൊലീസില്‍ കീഴടങ്ങുമെന്ന സൂചനകള്‍ നേരത്തേ ലഭിച്ചിരുന്നെങ്കിലും ഇതിന് സാധ്യതയില്ലെന്നാണ് ഇപ്പോള്‍ പൊലീസ് വ്യക്തമാക്കുന്നത്. ഹരികുമാറും സുഹൃത്തായ ബിനുവും ഒരുമിച്ചാണ് ഒളിവില്‍ സഞ്ചരിക്കുന്നതെന്നാണ് ഒടുവിലായി ക്രൈംബ്രാഞ്ച് പുറത്തുവിട്ടിരിക്കുന്ന വിവരം. ഹരികുമാറിന്റെ സഹോദരനോട് ക്രൈംബ്രാഞ്ച് ഓഫീസിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.