ശ്രീധരൻപിള്ളയ്ക്കും തന്ത്രിക്കുമെതിരായ കോടതിയലക്ഷ്യ ഹർജിക്ക് കോടതി അനുമതി നിഷേധിച്ചു
ബിജെപി സംസ്ഥാനാധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളക്കും തന്ത്രി കണ്ഠരര് രാജീവര്‍ക്കും എതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുന്നതിന് സോളിസിറ്റര്‍ ജനറല്‍ അനുമതി നിഷേധിച്ചു. ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള, തന്ത്രി, പന്തളം രാജ കുടുംബാംഗം തുടങ്ങി അഞ്ചുപേര്‍ക്ക് എതിരെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യാനുള്ള അനുമതിയാണ് കോടതി നിഷേധിച്ചത്.
ശബരിമല കേസിലെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയ്‌ക്കെതിരെ സംസാരിക്കുകയും സുപ്രീംകോടതിയ്ക്ക് എതിരെ പരസ്യമായി പ്രസംഗിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ അഡ്വ. ഗീനാകുമാരി, അഡ്വ.വര്‍ഷ എന്നിവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ഇവരുടെ നടപടി കോടതിയലക്ഷ്യമല്ല. ക്രിയാത്മക വിമര്‍ശനം മാത്രമാണ് ഇവര്‍ നടത്തിയിരിക്കുന്നത്. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസഥാനത്തില്‍ കോടതി അലക്ഷ്യ നടപടി സ്വീകരിക്കാനാകില്ല. അവ പരിഗണിച്ചാല്‍ പോലും കോടതി അലക്ഷ്യമാകില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി.
സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യണമെങ്കില്‍ അറ്റോര്‍ണി ജനറലിന്റെ അനുമതി വാങ്ങണം. അറ്റോര്‍ണി ജനറലിനാണ് ആദ്യം അപേക്ഷയുടെ പകര്‍പ്പ് നല്‍കിയത്. എന്നാല്‍ ഇതില്‍ നിന്ന് പിന്‍മാറിയ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ അപേക്ഷയില്‍ നടപടിയെടുക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ ഏല്‍പ്പിക്കുകയായിരുന്നു. താന്‍ മുമ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായിട്ടുണ്ടെന്ന് കാണിച്ചാണ് കെ.കെ.വേണുഗോപാല്‍ പിന്‍മാറിയതെന്നാണ് സൂചന. ശബരിമലയിലെ സ്ത്രീപ്രവേശനവിധിയ്‌ക്കെതിരെ എജി കെ.കെ.വേണുഗോപാല്‍ പരസ്യവിമര്‍ശനം ഉന്നയിച്ചിരുന്നു.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ നട അടച്ചിടുവാന്‍ വേണ്ടി തന്ത്രി തന്നോട് നിയമോപദേശം തേടി എന്നാണു ശ്രീധരന്‍ പിള്ള പറഞ്ഞത്.