സനലിന്റെ കൊലപാതകം ; ഡിവൈഎസ്പി ഒളിവില്‍ തന്നെ ; നീതിക്ക് ഉപവാസ സമരവുമായി ഭാര്യ
നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകം നടത്തിയ ഡിവൈഎസ്പി ഇപ്പോഴും ഒളിവില്‍ . പ്രതിയെ പിടിക്കാന്‍ പോലീസ് തയ്യാറാകാത്തത് കാരണം നീതി തേടി നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് ഭാര്യ വിജിയും കുടുംബവും. സനല്‍ മരിച്ച് ഏഴ് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് സനല്‍ കുമാര്‍ കൊല്ലപ്പെട്ട സ്ഥലത്ത് ഭാര്യ നാളെ ഉപവസമിരിക്കും.
സനല്‍കുമാര്‍ മരിച്ചെന്ന് ആറിഞ്ഞ ഉടനെ രക്ഷപെട്ട ഡിവൈഎസ്പി ഹരികുമാറിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ കീഴടങ്ങുമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഹരികുമാര്‍ കീഴടങ്ങുകയോ പൊലീസിന് ഇയാളെ കണ്ടെത്താന്‍ സാധിക്കുകയോ ചെയ്തിട്ടില്ല.
കൊലപാതകം നടന്ന ഏഴാം ദിവസമാണ് കേസില്‍ ആദ്യ അറസ്റ്റ് ഉണ്ടായത്. പ്രതി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ചതിന് തൃപ്പരപ്പിലെ ഒരു ലോഡ്ജ് നടത്തിപ്പികാരനാണ് പിടിയിലായത്. തൃപ്പരപ്പിലെ അക്ഷയ ടൂറിസ്റ്റ് ഹോം മാനേജര്‍ സതീഷിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
സനല്‍ മരിച്ചെന്ന് അറിഞ്ഞ ഉടനെ രക്ഷപെട്ട ഹരികുമാര്‍ എത്തിയത് തൃപ്പരപ്പിലെ അക്ഷര ടൂറിസ്റ്റ് ഹോമിലാണ്. നേരത്തെ പരിചയമുണ്ടായിരുന്ന മാനേജര്‍ സതീഷ് നല്‍കിയ രണ്ട് സിംകാര്‍ഡ് ഉപോയഗിച്ചാണ് ഇയാള്‍ പലരേയും വിളിച്ചത്. പക്ഷേ ബുധനാഴ്ചയ്ക്ക് ശേഷം ഈ സിംകാര്‍ഡുകളില്‍ നിന്നും ആരെയും വിളിച്ചിട്ടില്ല. സതീഷിന്റെ ഡ്രൈവര്‍ രമേശുമായാണ് ഹരികുമാര്‍ തൃപ്പരപ്പില്‍ നിന്ന് പോയത്. രമേശിനേക്കുറിച്ചും ഇപ്പോള്‍ വിവരമൊന്നുമില്ല.
ഡിവൈഎസ്പിക്കും ബിനുവിനും ഒളിവില്‍ പോകാന്‍ ബന്ധുവിന്റെ കാര്‍ എത്തിച്ച് നല്‍കിയ അനൂപ് കൃഷ്ണയും പൊലീസ് പിടിയിലായിട്ടുണ്ട്. ഡിവൈഎസ്പി ഹരികുമാറിനൊപ്പം ഒളിവില്‍ കഴിയുന്ന ബിനുവിന്റെ മകനാണ് അനൂപ് കൃഷ്ണ. അനൂപ് കൃഷ്ണ എത്തിച്ചുകൊടുത്ത കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണത്തിന്റെ ചുമതല ഐ ജി ശ്രീജിത്തിന് കൈമാറി. നിലവിലെ അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്ന സനലിന്റെ കുടുംബത്തിന്റെ നിലപാടും ആക്ഷന്‍ കൗണ്‍സിലിന്റെ എതിര്‍പ്പുമാണ് കാരണം. സര്‍ക്കാറില്‍ വിശ്വാസമുണ്ടെന്നായിരുന്നു സനലിന്റെ ഭാര്യ വിജി ഇന്നലെ പ്രതികരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വാക്കുതര്‍ക്കത്തിനിടെ ഡി വൈ എസ് പി ഹരികുമാര്‍ പിടിച്ചു തള്ളിയ സനല്‍കുമാര്‍ വാഹനമിടിച്ചു മരിച്ചത്.