ഗെയിം കളിക്കാന്‍ മൊബൈല്‍ നല്‍കിയില്ല ; 14കാരന്‍ തൂങ്ങിമരിച്ചു

ഗെയിം കളിക്കാന്‍ അമ്മ മൊബൈല്‍ ഫോണ്‍ നല്‍കാത്തത് കാരണം പതിനാലുകാരന്‍ തൂങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ചത്.

വീഡിയോഗെയിമുകള്‍ക്ക് അടിമയായ കൗമാരക്കാരന്‍ മൊബൈല്‍ ഫോണ്‍ കിട്ടാത്തതിനാല്‍ മാനസിക പ്രയാസത്തിലായെന്നും, ഇതിനെതുടര്‍ന്ന് ജീവനൊടുക്കിയെന്നുമാണ് പോലീസ് അറിയിച്ചത്.

ഗെയിം ഭ്രമം കാരണം കുട്ടി കഴിഞ്ഞ വര്‍ഷം മുതല്‍ സ്‌കൂളില്‍ പോയിരുന്നില്ല. ഏതുസമയവും മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നതായിരുന്നു പ്രധാനവിനോദം. അമ്മയും സഹോദരിയും ജോലിക്ക് പോയാല്‍ പിന്നെ മണിക്കൂറുകളോളം ഗെയിം കളിക്കുമായിരുന്നു.

തുടര്‍ന്ന്‍ ഗെയിം കളിക്കാന്‍ വേണ്ടി ഏറ്റവും പുതിയ പ്ലേസ്റ്റേഷന്‍ വാങ്ങിത്തരണമെന്നും കുട്ടി അമ്മയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം അമ്മ പോകുന്നതിന് മുമ്പ് നിര്‍ബന്ധപൂര്‍വ്വം ഫോണ്‍ വാങ്ങിവച്ചു. എന്നാല്‍ അമ്മ മൊബൈല്‍ഫോണുമായി പോയതോടെ കുട്ടി കടുത്ത മാനസിക പ്രയാസം അനുഭവിക്കുകയും ഇതിനുപിന്നാലെ വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയുമായിരുന്നു.