ലൈംഗികാതിപ്രസരം : നെറ്റ്ഫ്‌ളിക്‌സ് ആമസോണ്‍ എന്നിവയെ പറ്റി കേന്ദ്രത്തോട് കോടതി വിശദീകരണം തേടി

ഓണ്‍ലൈന്‍ സ്ട്രീമിങ് വീഡിയോ പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ എന്നീവയില്‍ നിന്നും അമിത ലൈംഗികതയുള്ള വീഡിയോകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജി. ജസ്റ്റിസ് ഫോര്‍ റൈറ്റ്‌സ് എന്ന സന്നദ്ദ സംഘടനയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.

രണ്ട് കമ്പനികളും കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് വേണ്ടി ആഭാസവും ലൈംഗികാതിപ്രസരവുമുള്ള വീഡിയോകള്‍ നല്‍കുകയാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനും ജസ്റ്റിസ് വി. കമേശ്വര്‍ റാവുവും അടങ്ങിയ ബെഞ്ചാണ് കേസില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. കേസില്‍ ഫെബ്രുവരി എട്ടിന് വാദം കേള്‍ക്കും.

രണ്ട് പ്ലാറ്റ്‌ഫോമുകളിലും വരുന്ന വീഡിയോകള്‍ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ഐ.ടി ആക്ട് പ്രകാരവും കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടന കോടതിയെ സമീപിച്ചത്. രാജ്യത്ത് പോണ്‍സൈറ്റുകള്‍ നല്‍കുന്നത് തടയാന്‍ ടെലികോം കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ജനപ്രിയ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ക്കെതിരേയും ഇപ്പോള്‍ പരാതി ഉയരുന്നത്.