ശ്രീ രാമന് പകരം അയ്യപ്പനെ ഉപയോഗിക്കുന്നു ; കോടതി വിധി നടപ്പാക്കാതെ സര്‍ക്കാരിന് വേറെ വഴിയില്ല : കോടിയേരി

ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാതെ സര്‍ക്കാരിന് വേറെ വഴിയില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത് തടയാന്‍ മോദിയും ബിജെപിയും വര്‍ഗീയ കാര്‍ഡിറക്കുന്നു. ശ്രീരാമന് പകരം കേരളത്തില്‍ ബിജെപി അയ്യപ്പനെ ഉപയോഗിക്കുന്നുവെന്നും കോടിയേരി ആരോപിച്ചു. ബിജെപിക്കെതിരായ വികാരം രാജ്യത്താകമാനം ശക്തമാണ് എന്നും കോടിയേരി പറയുന്നു.

ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗവും തന്ത്രിയും പന്തളം രാജകുടുംബങ്ങളുമായുള്ള ചര്‍ച്ചയും നാളെ നടക്കും. യുവതീപ്രവേശന വിധിക്ക് സ്റ്റേയില്ലെന്ന് വീണ്ടും സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ വിധി നടപ്പാക്കാതെ സര്‍ക്കാരിന് മുന്നില്‍ വേറെ വഴിയില്ല. സമവായ ശ്രമമുണ്ടെങ്കിലും വിധി നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകാനിടയില്ല. മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ അരലക്ഷത്തിലേറെ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനാണ് തീരുമാനം.

അതേസമയം പുന:പരിശോധനാ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ച സാഹചര്യത്തില്‍ പ്രതിഷേധം കനക്കാനിടയുണ്ടെന്ന വിലയിരുത്തലും സര്‍ക്കാരിന് മുന്നിലുണ്ട്. ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന പഴി ഒഴിവാക്കാനാണ് സര്‍വ്വകക്ഷിയോഗം വിളിക്കുന്നത്. തന്ത്രി-പന്തളം കുടുംബങ്ങളുമായി സര്‍വ്വകക്ഷിയോഗത്തിന് ശേഷം ചര്‍ച്ച നടത്തും.

എന്‍എസ്എസിനെ ചര്‍ച്ചക്ക് എത്തിക്കാന്‍ ശ്രമമുണ്ടായിരുന്നെങ്കിലും വിജയിച്ചില്ലെന്നാണ് സൂചന. മണ്ഡല മകര വിളക്ക് കാലവും ശബരിമല പ്രതിരോധിക്കുമെന്ന് ചില സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ രണ്ട് മാസത്തോളം നീളുന്ന തീര്‍ത്ഥാടന കാലമാണ് സര്‍ക്കാറിനും പ്രതിഷേധക്കാര്‍ക്കും മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി.