തൃപ്തി ദേശായി ആക്ടിവിസ്റ്റ് ; തിരിച്ചയക്കണം : ദേവസ്വം ബോര്‍ഡ്

ശബരിമല സന്ദര്‍ശിക്കാനെത്തിയ തൃപ്തി ദേശായിയെ തിരിച്ചയക്കുന്നതാണ് നല്ലതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. തൃപ്തി ദേശായി ആക്ടിവിസ്റ്റാണെന്നും വേണ്ടപ്പെട്ടവര്‍ കാര്യങ്ങള്‍ മനസ്സിലാക്കി തൃപ്തിയെ തിരിച്ചയക്കണമെന്നും ആക്ടിവിസ്റ്റുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാണ് എന്നും പത്മകുമാര്‍ പറയുന്നു .

അതേസമയം, ശബരിമലയില്‍ നട അടച്ചതിന് ശേഷം കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കാണിച്ച് പൊലീസ് നല്‍കിയ നോട്ടീസില്‍ ദേവസ്വംബോര്‍ഡിന് കടുത്ത അതൃപ്തിയാണ് ഉള്ളത്. നോട്ടീസിലെ നിര്‍ദേശങ്ങള്‍ പമ്പയില്‍ ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്തു. പൊലീസ് നിര്‍ദേശിച്ച ചില നിയന്ത്രണങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം എന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.

രാത്രിയിലെ നെയ്യഭിഷേകത്തിന് നിയന്ത്രണങ്ങള്‍ ബുദ്ധിമുട്ടാണ്. ഹരിവരാസനം പാടി നട അടച്ച ശേഷം സന്നിധാനത്ത് നില്‍ക്കരുതെന്ന നിര്‍ദേശം ചില ഭക്തരെയെങ്കിലും ബുദ്ധിമുട്ടിച്ചേക്കാം. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാകാം പൊലീസ് നോട്ടീസ് നല്‍കിയത്. നിര്‍ദേശങ്ങള്‍ പരിഗണിക്കാമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

അതേസമയം മണ്ഡല-മകരവിളക്ക് കാലത്തിനായി ശബരിമല നട തുറന്നു. പുതിയ വര്‍ഷത്തേയ്ക്കായി തെരഞ്ഞെടുത്ത ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണം അല്‍പസമയത്തിനകം നടക്കും. സന്നിധാനത്തും മാളികപ്പുറം ക്ഷേത്രങ്ങളിലുമായാണ് സ്ഥാനാരോഹണച്ചടങ്ങുകള്‍.

നെയ്‌വിളക്ക് തെളിയിച്ച് ഭക്തജനസാന്നിധ്യമറിയിച്ച ശേഷം പതിനെട്ടാം പടിയ്ക്ക് കീഴെയുള്ള ആഴിയിലേക്ക് അഗ്‌നി പകരും. അതിന് ശേഷം ഇന്നത്തെ പ്രധാനചടങ്ങുകള്‍ അവസാനിക്കും. തുടര്‍ന്ന് രാത്രി പത്ത് മണിയോടെ ഹരിവരാസനം പാടി നട അടയ്ക്കും. നാളെ പുലര്‍ച്ചെ നാല് മണിയ്ക്കാണ് നട തുറക്കുക.

ചരിത്രത്തിലാദ്യമായി സന്നിധാനം കനത്ത പൊലീസ് സുരക്ഷാവലയത്തിലാണ്. വലിയ നടപ്പന്തലിന് താഴെയും നടപ്പന്തലിലും ആളുകളെ കൂട്ടം കൂടാന്‍ അനുവദിയ്ക്കാതെ ക്യൂ പാലിച്ച് മാത്രമേ ദര്‍ശനം അനുവദിക്കൂ. മരക്കൂട്ടത്ത് നിന്ന് മുകളിലേക്ക് ക്യൂ പാലിച്ച് മാത്രമേ കയറാനാകൂ. മരക്കൂട്ടത്തിനടുത്തും വലിയ നടപ്പന്തലിലും കഴിഞ്ഞ തവണ വലിയ രീതിയില്‍ ആളുകള്‍ കൂട്ടം കൂടി പ്രതിഷേധവുമായി എത്തിയ സാഹചര്യത്തിലാണ് പൊലീസിന്റെ മുന്‍കരുതല്‍.