പോലീസിന്റെ കനത്ത നിയന്ത്രണത്തില്‍ ശബരിമല ; എതിര്‍പ്പുമായി ദേവസ്വം ബോര്‍ഡ്
പോലീസിന്റെ നിയന്ത്രണത്തില്‍ താളംതെറ്റി ശബരിമല. ശബരിമലയില്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ് രംഗത്ത് ഉള്ളത്. തീര്‍ത്ഥാടകര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങും വാഹനങ്ങള്‍ക്ക് പാസ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനും പുറമെ അപ്പം, അരവണ കൗണ്ടറുകള്‍ക്കും അന്നാദാനത്തിനും ഇപ്പോള്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ് പോലീസ്.
അരവണ, അപ്പ പ്രസാദ കൗണ്ടറുകള്‍ ഉള്‍പ്പടെ രാത്രി പത്ത് മണിക്കും അന്നദാന കൗണ്ടര്‍ 11 മണിക്കും അടക്കണം. 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന അപ്പം, അരവണ കൗണ്ടറുകള്‍ ആണ് ഇപ്പോള്‍ 11 മണിക്കു അടയ്ക്കുവാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതുപോലെ വൈകുന്നേരങ്ങളില്‍ മുറികള്‍ വാടകയ്ക്ക് നല്‍കാന്‍ പാടില്ല എന്നും നിര്‍ദേശം ഉണ്ട്. കൂടാതെ നട അടച്ചാല്‍ ഉടന്‍ സമീപത്തെ കടകള്‍ അടച്ച് താക്കോല്‍ പോലീസിനെ ഏല്‍പിക്കണമെന്നും നിര്‍ദേശമുണ്ടെന്ന് ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
അതേസമയം ശബരിമലയില്‍ നട അടച്ചതിന് ശേഷം കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കാണിച്ച് പൊലീസ് നല്‍കിയ നോട്ടീസില്‍ ദേവസ്വം അതൃപ്തി പ്രകടിപ്പിച്ചു. നോട്ടീസിലെ നിര്‍ദേശങ്ങള്‍ പമ്പയില്‍ ചേര്‍ന്ന ദേവസ്വംബോര്‍ഡ് യോഗം ചര്‍ച്ച ചെയ്തു. പൊലീസ് നിര്‍ദേശിച്ച ചില നിയന്ത്രണങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം എന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.
രാത്രിയിലെ നെയ്യഭിഷേകത്തിന് നിയന്ത്രണങ്ങള്‍ ബുദ്ധിമുട്ടാണ്. ഹരിവരാസനം പാടി നട അടച്ച ശേഷം സന്നിധാനത്ത് നില്‍ക്കരുതെന്ന നിര്‍ദേശം ചില ഭക്തരെയെങ്കിലും ബുദ്ധിമുട്ടിച്ചേക്കാം. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാകാം പൊലീസ് നോട്ടീസ് നല്‍കിയത്. നിര്‍ദേശങ്ങള്‍ പരിഗണിക്കാമെന്ന് ദേവസ്വംബോര്‍ഡ് വ്യക്തമാക്കി.
പ്രളയത്തിന് ശേഷം പരിമിതമായ സൗകര്യങ്ങള്‍ മാത്രമേ പമ്പയിലുള്ളൂ എന്നും, ഉള്ളതു വച്ച് പരമാവധി സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ വ്യക്തമാക്കി.