തൃപ്തി മടങ്ങുന്നു ; തിരിച്ചുപോകുന്നത് സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് എന്ന് തൃപ്തി
ഒരു ദിവസത്തിന്റെ പകുതിയില്‍ കൂടുതല്‍ നീണ്ട നാടകീയതകള്‍ക്കൊടുവില്‍ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പൂനെയിലേക്ക് മടങ്ങിപ്പോകാന്‍ തീരുമാനിച്ചു. വിമാനത്താവളത്തിന് പുറത്ത് നടന്ന കടുത്ത പ്രതിഷേധത്തെത്തുടര്‍ന്നാണ് തൃപ്തി ദേശായിയും കൂടെ വന്ന ആറ് സ്ത്രീകളും മടങ്ങാന്‍ തീരുമാനിച്ചത്. വൈകിട്ട് ഒമ്പതരയോടെയുള്ള ഫ്‌ലൈറ്റിനാണ് തൃപ്തി ദേശായി മടങ്ങിപ്പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം ഔദ്യോഗികമായി പൊലീസിനെ തൃപ്തി ദേശായി അറിയിച്ചു.
ഇപ്പോള്‍ മടങ്ങിപ്പോയാലും താന്‍ തിരികെ വരുമെന്ന് തൃപ്തി ദേശായി വ്യക്തമാക്കിയിട്ടുണ്ട്. ഈ മണ്ഡലകാലത്ത് തന്നെ ശബരിമല ദര്‍ശനം നടത്താന്‍ തിരികെ വരുമെന്നാണ് തൃപ്തി ദേശായി വ്യക്തമാക്കിയിരിക്കുന്നത്. നിയമത്തിന്റെയും സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയുടെയും അടിസ്ഥാനത്തിലാണ് താന്‍ വന്നതെന്നും മടങ്ങിപ്പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നേരത്തേ അവര്‍ പല തവണ വ്യക്തമാക്കിയിരുന്നതാണ്. ശബരിമല ദര്‍ശനം നടത്താതെ മടങ്ങേണ്ടി വരുന്നതില്‍ ദുഃഖമുണ്ടെന്ന് തൃപ്തി പറഞ്ഞു. പ്രതിഷേധക്കാരെ ഭയന്നല്ല മടങ്ങുന്നതെന്ന് അവര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിലയ്ക്കല്‍ വരെ എത്തിയാല്‍ അവിടെ നിന്ന് അങ്ങോട്ട് സുരക്ഷ നല്‍കാമെന്നാണ് പൊലീസ് തൃപ്തി ദേശായിയോട് പറഞ്ഞത്. വിമാനത്താവളത്തില്‍ നിന്ന് ശബരിമല വരെ പൊലീസ് വാഹനത്തില്‍ കൊണ്ടുപോകാന്‍ കഴിയില്ല. അതിന് വാഹനങ്ങള്‍ സ്വന്തമായി സജ്ജീകരിക്കണമെന്ന് തൃപ്തി ദേശായിയോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ശബരിമല വരെ പൊലീസ് സംരക്ഷണത്തില്‍ എത്തിയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരു നീക്കവും തൃപ്തി ദേശായി നടത്തി.
എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ന് ഹൈക്കോടതിയിലെ ഫയലിംഗ് സമയം അവസാനിച്ചതിനാല്‍ നിയമനടപടികളിലേക്ക് നീങ്ങാനുള്ള നീക്കം തൃപ്തി ഉപേക്ഷിക്കുകയായിരുന്നു. ഇന്ന് ഹര്‍ജി ഫയല്‍ ചെയ്യാന്‍ കഴിഞ്ഞാലും നാളെ ശനിയാഴ്ചയായതിനാല്‍ പിന്നീട് തിങ്കളാഴ്ച മാത്രമേ ഹര്‍ജി ഹൈക്കോടതി പരിഗണിക്കൂ എന്ന കാര്യം കൂടി കണക്കിലെടുത്താണ് തൃപ്തി മടങ്ങാന്‍ തീരുമാനിച്ചത്.
സ്ത്രീകള്‍ക്കുവേണ്ടിയും സമത്വത്തിന് വേണ്ടിയുമാണ് പോരാട്ടം. ഭക്തരെന്ന പേരില്‍ ഗുണ്ടാ പ്രവര്‍ത്തനമാണ് പ്രതിഷേധക്കാര്‍ നടത്തുന്നത്. അവര്‍ക്ക് തങ്ങളെ ഭയമുണ്ടെന്നാണ് ഇന്നത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്. നെടുമ്പാശ്ശേരിയില്‍നിന്ന് ടാക്സി വിളിച്ചുവെങ്കിലും വരാന്‍ ആരും തയ്യാറായില്ല. ഹോട്ടലുകളില്‍ മുറി ആവശ്യപ്പെട്ട് വിളിച്ചിരുന്നുവെങ്കിലും ആക്രമണം ഉണ്ടാകുമെന്ന ഭയമുണ്ടെന്ന മറുപടിയാണ് ലഭിച്ചതെന്നും തൃപ്തി ദേശായി പറഞ്ഞു.