കൊച്ചി വിമാനത്താവളത്തില്‍ നാടകീയ സംഭവങ്ങള്‍ ; അനുനയിപ്പിക്കാൻ നീക്കം
ശബരിമല സന്ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘത്തിനും നേരെ വന്‍ പ്രതിഷേധം. നാടകീയ സംഭവങ്ങള്‍ക്കാണ് വിമാനത്താവളം സാക്ഷിയാവുന്നത്. പുലര്‍ച്ചെ 4.40 ഓടെ വിമാനത്താവളത്തിലെത്തിയെങ്കിലും വിമാനത്താവളത്തിന് പുറത്ത് ഇറങ്ങാനാവാത്ത രീതിയിലാണ് ആഭ്യന്തര ടെര്‍മിനലിന് പുറത്ത് പ്രതിഷേധം നടക്കുന്നത്.
അതേസമയം എന്ത് സംഭവിച്ചാലും ശബരിമല സന്ദര്‍ശിക്കാതെ മഹാരാഷ്ട്രയിലേക്ക് മടങ്ങിപോവില്ലെന്ന് തൃപ്തി ദേശായി നിലപാട് ശക്തമാക്കി. അഞ്ചു മണിക്കൂറായി തുടരുന്ന പ്രതിഷേധത്തിന് തന്റെ തീരുമാനത്തിന് മാറ്റം വരുത്താന്‍ കഴിയില്ലെന്ന ശക്തമായ നിലപാടാണ് തൃപ്തി ദേശായി സ്വീകരിച്ചിരിക്കുന്നത്.
അവര്‍ക്ക് പ്രതിഷേധിക്കാം അതിന് തടസമില്ല എന്നാല്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് കോടതി അനുമതിയുള്ളതാണ്. താനും ഭഗവാന്റെ ഭക്തയാണെന്ന് തൃപ്തി ദേശായി പറഞ്ഞു. വിമാനത്താവളത്തില്‍ തടഞ്ഞ് നിര്‍ത്തുന്ന നടപടി ഗുണ്ടായിസമാണെന്നും അവര്‍ വിശദമാക്കി. കയ്യില്‍ കരുതിയിരുന്ന ഭക്ഷണമാണ് കഴിച്ചത്.
വിമാനത്താവളത്തില്‍ ആവശ്യത്തിന് സൗകര്യങ്ങള്‍ ലഭ്യമായില്ലെന്നും തൃപ്തി പറഞ്ഞു. ഇതിനിടെ കാര്‍ഗോ കൊണ്ടുവരുന്ന വഴിയിലൂടെ തൃപ്തിയെ കൊണ്ടു വരാനുള്ള ശ്രമം ഉണ്ടായതോടെ പ്രതിഷേധം കനത്തു. നിരവധിയാളുകളാണ് വിമാനത്താവളത്തിന് വെളിയില്‍ തൃപ്തി ദേശായി തിരിച്ച് പോകണമെന്ന ആവശ്യവുമായി നാമജപവുമായി പ്രതിഷേധിക്കുന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് തൃപ്തി ദേശായിയും അഞ്ച് സ്ത്രീകളും നെടുമ്പാശ്ശേരി വിമാനത്താളത്തിലെത്തിയത്. എന്നാല്‍ കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് അവര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. പോലീസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പോലീസ് നിര്‍ദേശിക്കുന്ന സ്ഥലത്ത് താമസിക്കാന്‍ തയ്യാറാണെന്നും തൃപ്തി ദേശായ് അറിയിച്ചിട്ടുണ്ട്.
നിലയ്ക്കലിലെത്തിയാല്‍ സുരക്ഷ നല്‍കാന്‍ തയ്യാറാണെന്ന് പോലീസ് തൃപ്തിയെ അറിയിച്ചിട്ടുണ്ട്. ശബരിമല ദര്‍ശനത്തിന് പ്രത്യേക സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്കും പോലീസിനും കത്തയച്ചിരുന്നു. എന്നാല്‍ പ്രത്യേക സുരക്ഷ ഒരുക്കാന്‍ കഴിയില്ല എന്ന് പോലീസും അറിയിച്ചിരുന്നു.