കെ. സുരേന്ദ്രന്‍റെ അറസ്റ്റ് ; പരക്കെ സംഘര്‍ഷം ; നാളെ പ്രതിഷേധ ദിനം ആചരിക്കുവാന്‍ ബിജെപി, വാഹനങ്ങള്‍ തടയും

പത്തനംതിട്ട : പോലീസ് നിര്‍ദ്ദേശം അവഗണിച്ച് ശബരിമലയിലേക്ക് പോകാന്‍ ശ്രമിച്ച ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കേരളമൊട്ടാകെ ബിജെപി നാളെ പ്രതിഷേധ ദിനമായി ആചരിക്കും.

ശനിയാഴ്ച വൈകിട്ട് ആറേ മുക്കാലോടെ സന്നിധാനത്തേക്ക് പുറപ്പെട്ട ബിജെപി നേതാവ് കെ.സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുമുടിക്കെട്ടുമായാണ് കെ.സുരേന്ദ്രന്‍ സന്നിധാനത്തേക്ക് പോകാനായി എത്തിയത്. കെ.സുരേന്ദ്രന്റെ കൂടെ ഏഴ് പേരുമുണ്ടായിരുന്നു. പോലീസിന്റെ എല്ലാ നിയന്ത്രണ നിര്‍ദേശങ്ങളും അനുസരിക്കുമെന്നും എന്നാല്‍ തനിക്ക് ദര്‍ശനം നിഷേധിക്കരുതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ നട അടയ്ക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് വരെ മാത്രമേ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടൂവെന്നും രാത്രിയില്‍ സന്നിധാനത്തേക്ക് ആരെയും കടത്തിവിടില്ലെന്നും എസ്പി യതീഷ് ചന്ദ്ര വ്യക്തമാക്കി. പൊലീസ് നിര്‍ദ്ദേശം അവഗണിച്ച് ശബരിമലയിലേക്ക് പോകാനൊരുങ്ങിയ സുരേന്ദ്രനെയും കൂട്ടരെയും ഇതോടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബിജെപി സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി.

മാര്‍ച്ച് അക്രമാസക്തമായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കെ. സുരേന്ദ്രനെതിരായ പൊലീസ് നടപടി ആപത്കരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. സുരേന്ദ്രന്‍ പിള്ള പ്രതികരിച്ചു. പൊലീസ് നടപടിക്കെതിരെ ബിജെപി പ്രതിഷേധിക്കും. ഇതിന്റെ ഭാഗമായി ഹൈവേകളില്‍ വാഹനങ്ങള്‍ തടയും. ഹര്‍ത്താല്‍ നടത്തില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.