ശബരിമല ; ദര്‍ശനത്തിനു എത്തിയ കെ സുരേന്ദ്രന്‍ അറസ്റ്റില്‍

ബിജെപി നേതാവ് കെ. സുരേന്ദ്രനെ പോലീസ് അറസ്റ്റുചെയ്തു. ഇരുമുടിക്കെട്ടുമായാണ് വൈകിട്ട് ആറേമുക്കാലോടെ കെ.സുരേന്ദ്രന്‍ സന്നിധാനത്തേക്ക് തീങ്ങിയത്. പോലീസിന്റെ എല്ലാ നിയന്ത്രണ നിര്‍ദേശങ്ങളും അനുസരിക്കുമെന്നും എന്നാല്‍ തനിക്ക് ദര്‍ശനം നിഷേധിക്കരുതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

നട അടയ്ക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് വരെ മാത്രമേ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടൂവെന്നും രാത്രിയില്‍ സന്നിധാനത്തേക്ക് ആരെയും കടത്തിവിടില്ലെന്നും എസ്പി പറഞ്ഞു. എന്നാല്‍ സന്നിധാനത്തേക്ക് എന്തുവന്നാലും പോകുമെന്ന ഉറച്ച നിലപാടിലായിരുന്നു സുരേന്ദ്രന്‍. പൊലീസ് വെടിവച്ചാലും സന്നിധാനത്തിലേക്ക് പോകുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സ്ഥലത്തേയ്ക്ക് കൂടുതല്‍ പൊലീസുദ്യോഗസ്ഥരെത്തി. തുടര്‍ന്ന് സ്ഥലത്ത് വാക്കുതര്‍ക്കമായി.

തനിക്ക് വാഹന പാസ് ഉണ്ടെന്നും ശബരിമലയില്‍ രാവിലെ നെയ്യഭിഷേകത്തിനും ഗണപതിഹോമത്തിനും വഴിപാടുണ്ടെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ഒരു കാരണവശാലും സുരേന്ദ്രനെ കടത്തിവിടരുതെന്ന് എസ്പി യതീഷ് ചന്ദ്ര പൊലീസുകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. നേരത്തെ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല ടീച്ചര്‍, ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം, ശബരിമല ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പ്രിഥ്വിപാല്‍ അടക്കമുള്ളവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഭാര്‍ഗവറാമിനെ ഇന്നലെ രാത്രി വൈകി വിട്ടയച്ചിരുന്നു.

അതേസമയം ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല വീണ്ടും സന്നിധാനത്തേക്ക് എത്തുമെന്ന് പോലീസിന് വിവരം ലഭിച്ചതോടെ നിലയ്ക്കലില്‍ അടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.