ശബരിമല ; അവശ്യ സൗകര്യങ്ങളില്ല ; പോലീസുകാരുടെ കാര്യം ദുരിതത്തില്‍

മണ്ഡലകാലത്ത് ശബരിമലയില്‍ സുരക്ഷയൊരുക്കാന്‍ വന്ന പോലീസുകാര്‍ വേണ്ടത്ര സൗകര്യങ്ങളില്ലാതെ വലയുന്നുവെന്നു പരാതി. വിവാദങ്ങള്‍ കത്തി നില്‍ക്കെ 15300 പോലീസുകാരേയാണ് ഇത്തവണ സര്‍ക്കാര്‍ ശബരിമല അനുബന്ധ ജോലികള്‍ക്കായി വിന്യസിച്ചിരിക്കുന്നത്. നിലക്കലില്‍ സുരക്ഷയൊരുക്കാനായി എത്തിയ പോലീസുകാര്‍ താമസിക്കുന്ന സ്ഥലത്തെ അവസ്ഥ കണ്ടാല്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ പിന്നെയും നല്ലത് എന്ന് തോന്നിപോകും.

പ്രളയത്തില്‍ സര്‍വതും നശിച്ച പന്പയില്‍ നിന്നും ആദ്യമായാണ് ബേസ് ക്യാന്പ് നിലയ്ക്കലിലേക്ക് മാറ്റുന്നത്. ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്‌പോലും വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. പ്രളയത്തില്‍ സംഭവിച്ച നാശനഷ്ടങ്ങളും, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി പൊലീസുകാരെ നിയോഗിക്കേണ്ടിവന്നതുമാണ് നിലവിലെ സാഹചര്യതിന് കാരണമായതെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്.

താത്കാലിക ഷെഡ്ഡുകളിലും മറ്റ് പലയിടത്തുമായാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. എല്ലായിടത്തും അത്യാവശ്യം വേണ്ട സൗകര്യങ്ങള്‍ പോലും കുറവാണ്. എസ്ഐ റാങ്കിലടക്കമുള്ള ഉദ്യോഗസ്ഥര്‍ പോലും കിടക്കുന്നത് വെറുംനിലത്താണ്. ഒരു ദിവസം ഒരു പോലീസ് ഓഫീസര്‍ക്ക് കുറഞ്ഞത് 12 മണിക്കൂര്‍ ഡ്യുട്ടി ഉണ്ടാകും. 16 ദിവസം തുടര്‍ച്ചയായി ഇത്തരത്തില്‍ ജോലിയും ചെയ്യണം. സാധാരണ ശാന്തമായി അവസാനിക്കുന്നതാണ് ശബരിമല ഉത്സവകാലം. എന്നാല്‍ ക്രമസമാധാന പ്രശനങ്ങളുടെ സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരില്‍ പോലും ഇത്തവണത്തെ ജോലി ശാരീരികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് ആക്ഷേപം.