അപ്രതീക്ഷിത ഹര്‍ത്താലില്‍ നട്ടം തിരിഞ്ഞ് ജനം ; കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തി ; വാഹനങ്ങള്‍ക്ക് നേരെ അക്രമം

അപ്രതീക്ഷിത ഹര്‍ത്താലില്‍ ജനം വലഞ്ഞു. സ്വകാര്യബസ്സുകള്‍ക്കും വാഹനങ്ങള്‍ക്കും പുറമേ കെഎസ്ആര്‍ടിസിയും സര്‍വീസ് നിര്‍ത്തിയതിനാല്‍ പൊതുഗതാഗതം പൂര്‍ണമായും സ്തംഭിച്ച അവസ്ഥയിലാണ്. ദീര്‍ഘദൂരബസ്സുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെയാണ് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തി. ലോക്കല്‍ ഗതാഗതത്തിനുള്ള ബസ്സുകളും ഇന്ന് ഓടിക്കേണ്ടെന്നാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. എന്നാല്‍ നിലയ്ക്കല്‍ – പമ്പ സര്‍വീസുകള്‍ തടസ്സപ്പെട്ടിട്ടില്ല.

അതേസമയം തിരുവനന്തപുരത്ത് നിന്ന് പമ്പയിലേക്കുള്ള ബസ് സര്‍വീസ് പൊലീസ് സംരക്ഷണം കിട്ടാത്തതിനാല്‍ തടസ്സപ്പെട്ടു. പൊലീസ് സംരക്ഷണമില്ലെങ്കില്‍ പോകാനാകില്ലെന്നാണ് തമ്പാനൂര്‍ ഡിപ്പോ അധികൃതര്‍ പറയുന്നതെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. കുട്ടികളും വൃദ്ധരുമടക്കമുള്ള തീര്‍ഥാടകര്‍ യാത്ര തുടരാനാകാതെ ബുദ്ധിമുട്ടിലായി. നേരത്തേ ബുക്ക് ചെയ്ത തീര്‍ഥാടകരടക്കമാണ് കുടുങ്ങിയത്.

ദേശീയപാതയിലടക്കം പലയിടത്തും ഇരുചക്രവാഹനങ്ങളടക്കം ഹര്‍ത്താലനുകൂലികള്‍ തടയുകയാണ്. തിരുവനന്തപുരത്ത് കരകുളം, നെയ്യാറ്റിന്‍കര, ബാലരാമപുരം എന്നിവിടങ്ങളില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ ഹര്‍ത്താലനുകൂലികള്‍ കല്ലെറിഞ്ഞു. വയനാട് കമ്പളക്കാട് ഹര്‍ത്താലനുകൂലികള്‍ ടിപ്പറിന്റെ ഗ്ലാസ്സിന് കല്ലെറിഞ്ഞു തകര്‍ത്തു. എന്നാല്‍ ഹര്‍ത്താല്‍ ആക്രമങ്ങള്‍ തടയാന്‍ പോലീസ് ഇടപെടുന്നില്ല എന്ന് ജനങ്ങള്‍ ആരോപിക്കുന്നു.