അത്ഭുതമായി പട്ടേല്‍ പ്രതിമയുടെ ‘ആകാശ ചിത്രം’

ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാറ്റിയു ഓഫ് യൂണിറ്റിയുടെ ആകാശത്തുനിന്നുള്ള ആദ്യ ചിത്രങ്ങള്‍ പുറത്ത്. ഒരു അമേരിക്കന്‍ കമ്പനിയാണ് പ്രതിമയുടെ ബഹിരാകാശത്തുനിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത്. നര്‍മ്മദാ നദിയുടെയും പട്ടേല്‍ പ്രതിമയുടെയും ചിത്രമാണ് പകര്‍ത്തിയിരിക്കുന്നത്.

2989 കോടി രൂപ മുടക്കിയാണ് ഗുജറാത്തില്‍ നര്‍മ്മദാ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് സമീപം സാധുബോട് ദ്വീപില്‍ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. സര്‍ദാര്‍ സരോവര്‍ ഡാമില്‍നിന്ന് 3.321 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. പട്ടേല്‍ പ്രതിമ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ശില്‍പി പത്മഭൂഷന്‍ റാം വി സുതര്‍ ആണ്. സര്‍ദാര്‍ സരോവര്‍ നര്‍മ്മദാ നിഗം ലിമിറ്റഡും ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ നിര്‍മ്മാണ കമ്പനിയും ചേര്‍ന്നാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

597 അടി ഉയരമുള്ള പട്ടേല്‍ പ്രതിമ ഒക്ടോബര്‍ 31നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. ഏറ്റവും വലിയ പ്രതിമയായ ചൈനയിലെ സ്പ്രിംഗ് ടെംപിള്‍ ബുദ്ധയെ പട്ടേല്‍ പ്രതിമ പിന്നിലാക്കി. 128 മീറ്ററാണ് 2008 ല്‍ പൂര്‍ത്തിയാക്കിയ സ്പ്രിംഗ് ടെംബിള്‍ ബുദ്ധയുടെ ഉയരം. ന്യൂയോര്‍ക്കിലെ ‘സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി’ യുടെ ഇരട്ടി ഉയരവും സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയുടെ സവിശേഷതയാണ്. 93 മീറ്ററാണ് സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ ഉയരം.