വീട്ടമ്മയുടെ ദേഹത്ത് പെയിന്‍റൊഴിച്ച 8 സിപിഎം പ്രവര്‍ത്തകര്‍ ഒളിവില്‍

തലശ്ശേരി എരഞ്ഞോളിപ്പാലത്ത് വീട്ടമ്മയുടെ ദേഹത്ത് പെയിന്റൊഴിച്ച സംഭവത്തില്‍ 8 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി പ്രവര്‍ത്തകനായ ശരതിന്റെ അമ്മ രജിതക്ക് നേരെയാണ് ഇന്നലെ രാത്രി സിപിഎം പ്രവര്‍ത്തകരുടെ ആക്രമം ഉണ്ടായത്.

എരഞ്ഞോളിപ്പാലത്ത് സിപിഎമ്മിന്റെ കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് രജിതക്ക് നേര ആക്രമം ഉണ്ടായത്. രാത്രി വീട്ടിലെത്തിയ ഒരു സംഘം ആളുകള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കയ്യില്‍ കരുതിയിരുന്ന പെയിന്റ് ദേഹത്ത് ഒഴിക്കുകയായിരുന്നു എന്ന് രജിത പറഞ്ഞു.

രജിതയുടെ പരാതിയില്‍ 8 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇവര്‍ ഒളിവിലാണ്. രാഷ്ട്രീയ പ്രശ്‌നങ്ങളുടെ പേരില്‍ തനിക്കും കുടുംബത്തിനും എതിരെ സ്ഥിരമായി സിപിഎമ്മിന്റെ ഭീഷണി ഉണ്ടാകാറുണ്ടെന്നും രജിത പറയുന്നു. അതേ സമയം അക്രമത്തില്‍ പങ്കില്ലെന്നും കേസ് ബിജെപി കെട്ടിച്ചമച്ചതാണെന്നുമാണ് സിപിഎം പ്രാദേശിക നേതാക്കാളുടെ വാദം.