ശബരിമലയില്‍ പുതിയ പുതിയ വിലക്കുകളുമായി പോലീസ് ; നട്ടം തിരിഞ്ഞ് ഭക്തര്‍
മല ചവിട്ടി എത്തുന്ന ഭക്തരെ ബുദ്ധിമുട്ടിക്കുന്നതില്‍ മത്സരിക്കുകയാണ് സര്‍ക്കാരും പോലീസും. പകല്‍ മല കയറരുത്, രാത്രി കയറരുത്, വണ്ടി ഓടരുത്, വിരിവെക്കരുത് ഇങ്ങനെ വിലക്കുകളുടെ ഘോഷയാത്രയാണ് സന്നിധാനത്ത്. ഓരോ ദിവസവും എന്താണ് പോലീസ് പറയുന്നതെന്ന് കാത്തിരിക്കുകയാണ് ദേവസ്വം ബോര്‍ഡും കെ.എസ്.ആര്‍.ടി.സിയും.
പോലീസിന്റെ നിയന്ത്രണങ്ങളില്‍ ശക്തമായി പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇരുവരും. ബോര്‍ഡ് പ്രസിഡന്റിന് പാര്‍ട്ടി നയത്തിന് വിരുദ്ധമായി പറയാനുള്ള പ്രയാസം. കെ.എസ്.ആര്‍.ടി.സി. ഡിപ്പോ അധികാരികള്‍ക്കുള്ള പ്രതിസന്ധി അവരുടെ എം.ഡി. പോലീസ് മേധാവി കൂടിയാണെന്നതാണ്.
എതിര്‍ക്കുന്ന അയ്യപ്പന്മാരെ ലാത്തി ഉപയോഗിച്ചാണ് പോലീസ് നേരിടുന്നത്. ലാത്തിയുമായി തന്നെയാണ് അയ്യപ്പന്‍മാരെ നീക്കുന്നത്. മറ്റുള്ള ഇടത്തെന്നപോലെ പെരുമാറിയാല്‍ മതിയെന്ന് പോലീസിന് കഴിഞ്ഞ ദിവസം നിര്‍ദ്ദേശം കിട്ടിയിരുന്നു. സുരക്ഷാ ഭീഷണിയാണ് വിലക്കുകള്‍ക്ക് കാരണമെന്നാണ് ഡി.ജി.പി. പറഞ്ഞത്. പ്രശ്നക്കാര്‍ നുഴഞ്ഞു കയറുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
പകല്‍ മലകയറാനുള്ള നിയന്ത്രണമാണ് ശബരിമലയില്‍ ഞായറാഴ്ച വന്നത്. രാവിലെ 11.30 മുതല്‍ ഒരു മണി വരെ മല കയറാന്‍ വിലക്ക് വന്നു. രാത്രി 9.30 മുതല്‍ പുലര്‍ച്ചേ രണ്ട് വരെ നിലവിലുള്ള വിലക്കിന് പുറമേയാണിത്. ബസോട്ടത്തിന് കഴിഞ്ഞ ദിവസം മുതല്‍ രാത്രി വിലക്ക് വന്നിരുന്നു. രാത്രി 9.30 മുതല്‍ 12 വരെയുള്ള സമയത്ത് പമ്പാ-നിലയ്കല്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഓട്ടമില്ല. ഞായറാഴ്ച പകല്‍ 10 മുതല്‍ 12 വരെയും വിലക്ക് ഏര്‍പ്പെടുത്തി. ഇത് തുടരാനാണ് തീരുമാനവും.
പോലീസ് പറയുന്ന പ്രകാരം വണ്ടികള്‍ ഓടിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ പോലും നിലയ്കല്‍- പമ്പാ റൂട്ടില്‍ വിടുന്നില്ല. പാസ് എടുത്ത വണ്ടികള്‍ മാത്രമേ പാര്‍ക്കിങ് അനുവദിക്കൂ. ദര്‍ശനം, നെയ്യഭിഷേകം എന്നിവ കഴിയുന്നവര്‍ ഉടന്‍ സ്ഥലം വിടണമെന്നാണ് പോലീസ് നിര്‍ദ്ദേശം.