ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉടന്‍ ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് അത്യാവശ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഉടന്‍ ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ദേവസ്വം കമ്മീഷണര്‍, ഡിജിപി, തദ്ദേശ സ്വയംഭരണ സെക്രട്ടറി എന്നിവര്‍ പരാതികളില്‍ ഉടന്‍ പരിഹാരമുണ്ടാക്കണം. നടപടികള്‍ സ്വീകരിച്ച ശേഷം ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.ലോക് താന്ത്രിക് യുവ ജനതാദള്‍ ദേശീയ പ്രസിഡന്റ് സലിം മടവൂര്‍ നല്‍കിയ പരാതിയിലാണ് നടപടി.

അതേസമയം 600 പുതിയ ശുചിമുറികള്‍ നിലയ്ക്കലില്‍ സജ്ജീകരിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് എ.പദ്മകുമാര്‍ വ്യക്തമാക്കി. പമ്പയില്‍ ബയോ ടോയ്‌ലറ്റുകളൊരുക്കും. പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെയും നിലയ്ക്കലെയും താല്‍ക്കാലിക ശുചിമുറികളില്‍ മനുഷ്യവിസര്‍ജ്യം നിറഞ്ഞ് ബ്ലോക്കായി ഉപയോഗ ശൂന്യമായ നിലയിലാണ് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പമ്പയിലും നിലയ്ക്കലും ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് പോലും അത്യാവശ്യ സൗകര്യങ്ങളില്ലെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് സൗകര്യപ്രദമായി കഴിയാന്‍ എല്ലാ സൗകര്യങ്ങളൊരുക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉറപ്പ് നല്‍കി.