ഏഴു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചശേഷം ചിരിക്കാന്‍ ആവശ്യപ്പെട്ട് അധ്യാപകന്‍

ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് വീട്ടില്‍ ട്യൂഷനെടുക്കാന്‍ വന്ന അധ്യാപകനാണ് മുറിയില്‍ വെച്ച് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്.
അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നു കഴിഞ്ഞു. ചെരിപ്പ് കൊണ്ടും കൈകൊണ്ടും മര്‍ദ്ദിക്കുന്നതും ഇടിക്കുന്നതും വീഡിയോയില്‍ കാണാം.

ശരീരത്തില്‍ കറുത്ത നിറത്തിലുള്ള അടയാളങ്ങള്‍ കണ്ട് മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് അധ്യാപകനെക്കുറിച്ച് കുട്ടി പരാതി പറഞ്ഞത്. തുടര്‍ന്ന് മുറിയിലെ സിസിവിടി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. പിന്നീട് ഇവ പൊലീസിന് കൈമാറി.

രണ്ട് കസേരകളിലായാണ് അധ്യാപകനും കുട്ടിയും ഇരിക്കുന്നത്. തന്റെ ഷൂ കയ്യിലെടുത്ത് ഇയാള്‍ പലതവണ കുട്ടിയെ അടിക്കുന്നുണ്ട്. താക്കോല്‍ പോലുള്ള മൂര്‍ച്ചയുള്ള വസ്തുകൊണ്ട് ഇടിക്കുന്നതും കാണാം. മുടിയിലും ചെവിയിലും പലതവണ പിടിച്ചുവലിക്കുന്നതും ക്രൂരമായി മര്‍ദ്ദിക്കുന്നതും വീഡിയോയിലുണ്ട്. പിന്നീട് കുട്ടിയോട് ഗ്ലാസിലുള്ള വെള്ളം കുടിക്കാന്‍ പറയുകയും ചിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.

വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചിതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അധ്യാപകനെ പിടികൂടാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഒളിവില്‍പോയ അധ്യാപകനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പോലീസ് പറയുന്നു.