മല കയറുംവരെ മാല ഊരില്ലെന്ന് യുവതികള്‍: വാര്‍ത്താ സമ്മേളനത്തില്‍ കര്‍മസമിതി പ്രവര്‍ത്തകരുടെ പ്രതിഷേധം
കൊച്ചി: ശബരിമലയില്‍ പോകാന്‍ താല്‍പര്യമുണ്ടെന്ന് കാട്ടി മൂന്ന് യുവതികള്‍ എറണാകുളത്ത് വാര്‍ത്താ സമ്മേളനം നടത്തി. കണ്ണൂരില്‍നിന്നുള്ള രേഷ്മ നിശാന്ത്, ഷനില, കൊല്ലത്തുനിന്നുള്ള ധന്യ എന്നീ മൂന്നുപേരാണ് മാധ്യമങ്ങള്‍ക്കുമുന്‍പിലെത്തി തങ്ങളുടെ ആവശ്യം അറിയിച്ചത്. യുവതികള്‍ വാര്‍ത്താ സമ്മേളനം നടത്തിയ പ്രസ് ക്ലബിനു മുന്നില്‍ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നുണ്ട്.
തുടക്കം മുതല്‍തന്നെ അധികാരികളോട് തങ്ങളുടെ ആവശ്യം അറിയിച്ചിരുന്നു. സര്‍ക്കാരും പൊലീസും വിശ്വാസികളും ഞങ്ങളുടെ വിശ്വാസം എന്താണെന്നു മനസ്സിലാക്കി കൂടെ നില്‍ക്കുമെന്നാണ് കരുതുന്നതെന്ന് ഇവര്‍ അറിയിച്ചു. മാത്രമല്ല, അതു സാധ്യമാകുന്നതുവരെ വ്രതം തുടരുമെന്നും മാല അഴിക്കില്ലെന്നും ഇവര്‍ അറിയിച്ചു.
വീട്ടില്‍നിന്നു പുറത്തിറങ്ങാന്‍പോലും കഴിയുന്നില്ലെന്ന് രേഷ്മ നിശാന്ത് പറഞ്ഞു. ഒരുപാട് മാനസിക സമ്മര്‍ദ്ദത്തിലൂടെയാണു മുന്നോട്ടുപോകുന്നത്. എങ്ങോട്ട് ഇറങ്ങിയാലും ‘രേഷ്മ നിശാന്ത് ശബരിമലയിലേക്കു പോയി’ എന്ന വാര്‍ത്തയാണ് വരുന്നത്. തനിക്കൊരു മകളുണ്ട്. അവള്‍ക്കുള്‍പ്പെടെ ശബരിമലയില്‍ പോകാനാകുന്ന സാഹചര്യം ഉണ്ടാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്ന കലാപ സമാന അന്തരീക്ഷത്തില്‍ സങ്കടമുണ്ടെന്നു കണ്ണൂരില്‍നിന്നുള്ള ധന്യ പ്രതികരിച്ചു. ഞങ്ങളുടെ വിശ്വാസത്തെ മുതലെടുത്ത് കലാപമുണ്ടാക്കാനുള്ള ശ്രമത്തിന് അവസരം ഉണ്ടാക്കുന്നില്ല. അതില്‍ ഇപ്പോള്‍ പോകുന്നില്ല. എന്നാല്‍ ശബരിമലയില്‍ പോകുന്നതുവരെ മാല അഴിക്കില്ല. ഞങ്ങള്‍ മൂന്നുപേര്‍ മാത്രമാണ് ഇപ്പോള്‍ പൊതുസമൂഹത്തിനു മുന്നില്‍വന്ന് കാര്യങ്ങള്‍ പറയുന്നത്. ബാക്കിയുള്ളവര്‍ മുന്നിലേക്കു വരുന്നില്ലെന്നേയുള്ളൂ. ഞങ്ങളുടെ കൂടെയുണ്ടെന്നും ധന്യ വ്യക്തമാക്കി.
മാലയിട്ടതിനുശേഷം ഒരുപാടു ശത്രുക്കള്‍ ഉണ്ടായതായി ഷനില വ്യക്തമാക്കി. ഞാന്‍ കഴിഞ്ഞുവരുന്ന തലമുറ ഈ നിയമം ഉപയോഗിച്ച് ശബരിമലയില്‍ കയറുമെന്നത് ഉറപ്പാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.