എസ്‌ക്കലേറ്ററില്‍ നിന്നു വീണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന് ഗുരുതര പരിക്ക്

സംവിധായകന്‍ വി. എ ശ്രീകുമാര്‍ മേനോന് എസ്‌കലേറ്ററില്‍ നിന്നും വീണു ഗുരുതര പരിക്ക്. മുംബൈ എയര്‍പോര്‍ട്ടില്‍ വച്ച് കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്. മുഖം ഇടിച്ചു വീണ ശ്രീകുമാര്‍ മേനോന്റെ താടിയെല്ലിനാണ് പരിക്കേറ്റിരിക്കുന്നത്. തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍എത്തിച്ച അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

അതേസമയം മേനോന്റെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. പക്ഷെ മള്‍ട്ടിപ്പിള്‍ ഫ്രാക്ചറുകള്‍ സംഭവിച്ചതിനാല്‍ നാളെ ഇംപ്ലാന്റ് ശസ്ത്രക്രിയക്കും അദ്ദേഹത്തെ വിധേയനാക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഒടിയന്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ണ്ണമായും ശ്രീകുമാര്‍ മേനോന്റെ മേല്‍നോട്ടത്തിലാണ് ചെന്നെയിലും മുംബൈയിലുമായി പുരോഗമിച്ചിരുന്നത്. ഇതിനോടൊപ്പം പോസ്റ്റര്‍ ഡിസൈന്‍ മുതലുളള സിനിമയുടെ പ്രമോഷന്റെ ഭാഗമായുളള ജോലികളും ശ്രീകുമാര്‍ മേനോന്റെ മേല്‍നോട്ടത്തിലായിരുന്നു.

അതുകൊണ്ടുതന്നെ ശസ്ത്രക്രിയക്കുശേഷം രണ്ടാഴ്ചയിലേറെ വിശ്രമം ആവശ്യമായതിനാല്‍ സിനിമയുടെ അവസാനഘട്ട പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ ആഴ്ച സെന്‍സറിന് സമര്‍പ്പിക്കാനിരിക്കെയാണ് സംവിധായനു അപകടം സംഭവിച്ചത്.
കഴിഞ്ഞദിവസം ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഒടിയന്‍ ഡിസംബര്‍ 14 ന് ലോകമെമ്പാടുമുളള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. എന്നാല്‍ സിനിമയുടെ അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയാകാനിരിക്കെ സംവിധായകന് സംഭവിച്ച അപകടത്തില്‍ ഒടിയന്‍ സിനിമാ അണിയറപ്രവര്‍ത്തരും ആശങ്കയിലാണ്.