അരവിന്ദ് കെജ്‍രിവാളിനെതിരെ സെക്രട്ടേറിയറ്റിൽ മുളകുപൊടി ആക്രമണം
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എതിരെ മുളകുപൊടി ആക്രമണം. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ചേംബറിന് പുറത്ത് കാത്തുനിന്ന അക്രമി ഉച്ചഭക്ഷണത്തിനായി മുഖ്യമന്ത്രി പുറത്തേക്കുവന്ന സമയം ദേഹത്തേക്ക് മുളകുപൊടി വലിച്ചെറിയുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. അനില്‍ കുമാര്‍ ഹിന്ദുസ്ഥാനി എന്നയാളാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എ സൗരഭ് ഭരദ്വാജ് ആരോപിച്ചു. ആര്‍ക്കും സെക്രട്ടേറിയറ്റില്‍ കയറിവന്ന് മുഖ്യമന്ത്രിയെ ആക്രമിക്കാവുന്ന നില സംശയകരമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് പോലും ദില്ലിയില്‍ സുരക്ഷയില്ലെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രതികരണം. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ദില്ലി പൊലീസും കേന്ദ്രസേനയുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സുരക്ഷാ ചുമതല നിര്‍വഹിക്കുന്നത്. അതേസമയം രാഷ്ട്രീയ ലാഭത്തിനുവേണ്ടി എഎപി തന്നെ സംഘടിപ്പിച്ച ആക്രമണമാണ് ഇതെന്നാണ് ബിജെപിയുടെ ആരോപണം.