എഴുത്തുകാരനും, പ്രഭാഷകനും, സാമൂഹ്യ ശാസ്ത്രജ്ഞനുമായ ഡോ. ഹാഫീസ് മുഹമ്മദ് ലണ്ടനില്‍ എത്തുന്നു
സാഹിത്യകാരന്‍, സാമൂഹ്യ ശാസ്ത്രജ്ഞന്‍, പ്രഭാഷകന്‍, അദ്ധ്യാപകന്‍ എന്ന നിലകളിലെല്ലാം ചിരപരിചിതനായ
ഡോ. എന്‍ പി .ഹാഫിസ് മുഹമ്മദ് ലണ്ടനില്‍ വരുന്നു. ഈ വരുന്ന ഞായറാഴ്ച്ച നവംബര്‍ 25ന് വൈകിട്ട് 5 മുതല്‍ ‘മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ’ യുടെ ആഭിമുഖ്യത്തില്‍, ‘കട്ടന്‍ കാപ്പിയും കവിതയും കൂട്ടായ്മ’യുടെ സദസ്സില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയാണ് ഇദ്ദേഹം.
ബാലസാഹിത്യത്തില്‍ കേന്ദ്ര / കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവും, സാമൂഹിക പ്രവര്‍ത്തകനും സാമൂഹ്യ ശാസ്ത്രജ്ഞനും , പ്രഭാഷകനുമായ ഡോ. ഹാഫീസ് മുഹമ്മദ് ; അന്ന് വൈകീട്ട് ലണ്ടനിലെ മനോപാര്‍ക്കിലുള്ള ‘കേരള ഹൌസി’ല്‍ വെച്ച് ‘മലായാള ബാലസാഹിത്യത്തിന്റെ വളര്‍ച്ച , നമ്മുടെ ഭാഷയിലെ
ആംഗലേയത്തിന്റെ സ്വാധീനം, കോഴിക്കോടിന്റെ സാഹിത്യ സംഭാവനകള്‍, കേരളത്തിന്റെ സാമൂഹിക നവീകരണം, ‘മദ്യ-കേരളത്തിന്റെ സാമൂഹിക പ്രതിസന്ധികള്‍ മുതല്‍ ഇപ്പോഴുള്ള കേരളത്തിന്റെ സ്ഥിതി വിശേഷങ്ങള്‍’ തുടങ്ങി അനേകം വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നു. ഒപ്പം ഈ വിഷയങ്ങളെല്ലാംചര്‍ച്ച ചെയ്യപ്പെടുന്നു.
കഴിഞ്ഞ തലമുറയിലെ പ്രമുഖ സാഹിത്യകാരനായ ‘എന്‍.പി .മുഹമ്മദിന്റെ’ പുത്രനായ ഡോ .ഹാഫീസ് മുഹമ്മദ്, കേരള സര്‍വകലാശാലയില്‍ നിന്ന് സോഷ്യോളജിയില്‍ രണ്ടാം റാങ്കോടെ ബിരുദാനന്തര ബിരുദവും, ബാംഗ്ലൂര്‍ സര്‍വകലാശാലയില്‍ നിന്ന് എം.ഫിലും കരസ്ഥമാക്കിയ ശേഷം ‘മലബാറിലെ മാപ്പിള മുസ്ലിം മരുമക്കത്തായത്തിന്റെ സാമൂഹിക പശ്ചാത്തലം’ എന്ന വിഷയത്തില്‍ കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
കോഴിക്കോട്ടെ ഫറൂഖ് കോളേജില്‍ സോഷ്യോളജി വിഭാഗത്തില്‍ മുപ്പതുവര്‍ഷക്കാലം അദ്ധ്യാപകനായി പ്രവര്‍ത്തിച്ച ഇദ്ദേഹം, ഏറ്റവും മികച്ച അദ്ധ്യാപകനുള്ള ‘എം.എം. ഗനി’ അവാര്‍ഡും , ‘പൂവും പുഴയും’ എന്ന ഗ്രന്ഥത്തിനു ഇടശ്ശേരി അവാര്‍ഡും, ‘മുഹമ്മദ് അബ്ദുറഹ്മാന്‍ ‘എന്ന ഗ്രന്ഥത്തിന്, കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
പുരസ്‌കാരവും നേടിയിട്ടുണ്ട്. ‘കുട്ടിപ്പട്ടാളത്തിന്റെ കേരള പര്യടനം ‘എന്ന കൃതിക്ക് – മികച്ച ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്…
ഇപ്പോള്‍ ഇദ്ദേഹം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സോഷ്യോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവനാണ്.
ഒപ്പം കോഴിക്കോട്ടെ ‘സുരക്ഷ ഡ്രഗ് ആന്‍ഡ് ആല്‍ക്കഹോള്‍ റീഹാബിലിറ്റേഷന്‍ സെന്ററിന്റെ ഡയറക്ടറും,
കൗണ്‍സിലറും കൂടിയാണ്. ഇത്തരം പല സാമൂഹ്യ സംഘടനകളിലും ഇന്നും സജീവ സാനിദ്ധ്യമായി
പ്രവര്‍ത്തിക്കുന്ന ഡോ. ഹാഫീസ് മുഹമ്മദ് പല വിദേശരാജ്യങ്ങളിലും ധാരാളം പ്രഭാഷണങ്ങളും കാഴ്ച്ചവെച്ചിട്ടുണ്ട്. ഈ നവംബര്‍ മാസത്തിലെ അന്നത്തെ ‘കട്ടന്‍ കാപ്പിയും കവിതയും’ സദസ്സിലേക്ക് ഏവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്തുകൊള്ളുന്നു.