ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങള്‍ ശ്രവിക്കാന്‍ തയ്യാറില്ലാത്ത കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡറെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുവിളിക്കണം: ഫിറ

കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനകളോടുള്ള എംബസിയുടെ വിവേചന നടപടികള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ രൂപീകരിച്ച ,ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ രെജിസ്‌ട്രേഡ് അസോസിയേഷന്‍ -FIRA KUWAIT എന്ന് പൊതുവേദിയുടെ നേത്യത്വത്തില്‍ ഡല്‍ഹിയിലെ വിദേശകാര്യ വകുപ്പുമന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെ ഓഫീസില്‍ വിവിധ 30 സംഘടനകള്‍ ചേര്‍ന്ന് കാരണമില്ലാതെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ നേരിട്ട് പരാതി നല്‍കിയിരുന്നു.

ഡല്‍ഹിയില്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വിദേശ കാര്യ മന്ത്രാലയം ചുമതലപ്പെടുത്തിയ ശ്രീ രാജീവ് അഗര്‍വാള്‍- ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ഗള്‍ഫ്, രജിസ്‌ട്രേഷന്‍ പുനസ്ഥാപിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് കത്തു മുഖേന അറിയിച്ചിട്ടുണ്ട്. കത്തില്‍ നിയമ ലംഘനം നടത്തിയവരെ മാത്രമാണ് ഇന്ത്യന്‍ എംബസി ഒഴിവാക്കിയത് എന്നാണ് എംബസിയില്‍ നിന്ന് കൊടുത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയത്. എന്നാല്‍ അടിസ്ഥാന രഹിതമായ കാരണങ്ങള്‍ നിരത്തിയും യാതൊരു മുന്നറിയിപ്പും ഇല്ലാതെ സംഘടനകളെ ഒഴിവാക്കിയ വിഷയങ്ങളെ കുറിച്ചും, ഇന്ത്യന്‍ പ്രവാസി സമൂഹത്തെ എംബസി പരിപാടികളില്‍ നിന്ന് കാരണമില്ലാതെ ഒഴിവാക്കിയതിനെ കുറിച്ചും സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഫിറ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലേക്കായി ഫിറ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ വിദേശകാര്യ മന്ത്രാലയം തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

സമയ ക്രമത്തിനായി കാത്തിരിക്കുന്നതോടൊപ്പം, ഇന്ത്യന്‍ സംഘടനകളുടെ രജിസ്‌ട്രേഷന്‍ കാരണവും മുന്നറിയിപ്പുമില്ലാതെ ഒഴിവാക്കല്‍, ബഹു വിദേശകാര്യ മന്ത്രിയുടെ കുവൈറ്റ് സന്ദര്‍ശനവേളയില്‍ രേഖ മൂലം പരാതി സമര്‍പ്പിച്ചതിനു ശേഷം സംഘടനകള്‍ക്കും, വ്യക്തികള്‍ക്കും (കേരള സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസി വകുപ്പിന്റെ പ്രതിനിധികളായ ലോക കേരള സഭാംഗങ്ങള്‍ക്കു പോലും) ഏക പക്ഷീയമായി കാണാന്‍ അവസരം നിഷേധിക്കല്‍, ഇന്‍ഡ്യന്‍ എഞ്ചിനീഴ്‌സിന്റെ റസിഡന്‍സ് വിഷയവുമായി വിളിച്ചു ചേര്‍ത്ത യോഗത്തിലെ ഏക പക്ഷീയ പെരുമാറ്റവും, വസ്തുകള്‍ ചൂണ്ടിക്കാട്ടിയവരെ യോഗത്തില്‍ പുറത്താക്കലും യോഗം നിറുത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടതും, നാളുകളായി കമ്മ്യൂണിറ്റി ലീഡേഴ്‌സിന്റെ യോഗം വിളിച്ചു ചേര്‍ക്കാത്തത്, പരാതിയുള്ള പ്രവാസികള്‍ക്ക് കൂടി കാഴ്ചക്ക് അവസരം നിഷേധിക്കലും/മറുപടി നല്‍കാത്തതും ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ, നിലപാടുകളില്‍ നിന്ന് ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അവഗണിച്ച് ഏകാധിപത്യ സ്വഭാവത്തില്‍ മുന്നോട്ടു പോകുന്ന ബഹു ഇന്ത്യന്‍ അംബാസിഡറുടേയും എംബസി അധികൃതരുടേയും നിലപാട് തിരുത്താന്‍ ഇനിയും തയ്യാറെല്ലങ്കില്‍ കാരണക്കാരായ ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കുന്നതു ഉള്‍പ്പെടെയുള്ള തിരുത്തല്‍ നടപടിയെടുക്കാന്‍ വിദേശകാര്യ വകുപ്പും കേന്ദ്ര സര്‍ക്കാരും തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മുന്നോട്ട് പോകാനും അതിന് ആവശ്യമായ പ്രവാസികളുടേയും, ഭരണ പ്രതിപക്ഷ രാഷ്ടീയ കക്ഷികളുടേയം പിന്തുണ നേടാനും തീരുമാനിച്ചു.

ഫിറ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം അബ്ബാസ്സിയ പോപ്പിന്‍സ് ഹാളില്‍ നടന്ന പത്ര സമ്മേളത്തില്‍ ഫിറ കണ്‍വീനര്‍മാരും ലോക കേരള സഭാംഗങ്ങളുമായ ബാബു ഫ്രാന്‍സീസ്, ശ്രീം ലാല്‍ മുരളി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷൈജിത്ത്, ബിനു, സുനില്‍കുമാര്‍, സലീം രാജ് എന്നിവരും, വിവിധ മാധ്യമ പ്രതിനിധികളും പങ്കെടുത്തു.