ആഗോള പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോസ്റ്റ് എവെയ്റ്റഡ് സിനിമകളുടെ ലിസ്റ്റില്‍ ആദ്യ മലയാള സിനിമയായി ഒടിയന്‍

കൊച്ചി: പ്രഖ്യാപനം മുതലെ തന്നെ ലോകശ്രദ്ധ നേടിയ സിനിമകളിലൊന്നാണ് ഒടിയന്‍. സിനിമയുടെ സംവിധായാകനു പറ്റിയ അപകടം അണിയറ പ്രവര്‍ത്തകരെ നടുക്കിയിരിക്കുന്ന അവസരത്തിലാണ് പ്രവര്‍ത്തകര്‍ക്ക് ആവേശമായി പുതിയ സന്തോഷം പങ്കുവച്ചു നായികയായ പങ്കുവെച്ച് മഞ്ജു വാര്യര്‍ രംഗത്തെത്തിയത്.

പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി മാറിയ വിഎ ശ്രീകുമാര്‍ മേനോനാണ് ചിത്രമൊരുക്കുന്നത്. മഞ്ജു വാര്യരും മോഹന്‍ലാലുമാണ് ചിത്രത്തിലെ നായികനായകന്‍മാര്‍. വില്ലന് ശേഷം ഇരുവരും ഒരുമിച്ചെത്തുകയാണ് ഈ ചിത്രത്തിലൂടെ. ഒടിയന്‍ മാണിക്കനായി മോഹന്‍ലാലെത്തുമ്പോള്‍ പ്രഭയെന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്.

സിനിമയ്ക്കായി മോഹന്‍ലാല്‍ നടത്തിയ ശാരീരികാധ്വാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പതിവിന് വിപരീതമായി ഇത്തവണ ശരീരഭാരവും അദ്ദേഹം കുറച്ചിരുന്നു. യൗവനാവസ്ഥയിലുള്ള മാണിക്കനെ അവതരിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു താരത്തിന്റെ സാഹസം. 15 കിലോയോളമാണ് അദ്ദേഹം കുറച്ചത്. ഫ്രാന്‍സില്‍ നിന്നുള്ള വിദഗ്ദ്ധ സംഘമായിരുന്നു ഇതിനായി നേതൃത്വം നല്‍കിയത്. സംവിധായകനിലുള്ള വിശ്വാസമാണ് ഇത്തരത്തിലൊരു കാര്യത്തിലേക്ക് തന്നെ നയിച്ചതെന്ന് താരം വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിന് മാത്രമല്ല മഞ്ജു വാര്യറിനും ശാരീരികമായ തയ്യാറെടുപ്പുകള്‍ ആവശ്യമായി വന്നിരുന്നു. ഡിസംബര്‍ 14നാണ് സിനിമ റിലീസ് ചെയ്യുന്നത്. അഡ്വാന്‍സ് ബുക്കിങ്ങുകളെല്ലാം ഇതിനോടകം തന്നെ പൂര്‍ത്തിയായെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. അതിനിടയിലാണ് സിനിമയെത്തേടി പുതിയ നേട്ടമെത്തിയത്.

ലോകമെങ്ങുമുള്ള പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോസ്റ്റ് എവെയ്റ്റഡ് സിനിമകളുടെ ലിസ്റ്റിലാണ് ഒടിയനും ഇടം നേടിയത്. നാലാം സ്ഥാനമാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. ഐഎംഡിബി ലിസ്റ്റില്‍ ചിത്രത്തിന് നാലാം സ്ഥാനം ലഭിച്ചുവെന്നുള്ള വാര്‍ത്ത മഞ്ജു വാര്യര്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇതിനോടകം തന്നെ പോസ്റ്റ് വൈറലായി മാറി. തമിഴ് ബോളിവുഡ് സിനിമകള്‍ക്കൊപ്പമാണ് ഒടിയനും സ്ഥാനം നേടിയത്. മലയാളികള്‍ മാത്രമല്ല ഇന്ത്യന്‍ സിനിമ തന്നെ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

ഇതാദ്യമായാണ് ഒരു മലയാള സിനിമ ഈ ലിസ്റ്റില്‍ ഇടം പിടിക്കുന്നത്. 2.0, കെജിഎഫ് ചാപ്റ്റര്‍1, സീറോ ഈ മുന്ന് സിനിമകളാണ് ഒടിയന് മുന്നിലുള്ളത്. കേദാര്‍നാഥ്, ടൈഗേര്‍സ്, ബജാജി സൂപ്പര്‍ഹിറ്റ്, രംഗീല രാജ, സിമ്പ തുടങ്ങിയ സിനിമകളും ലിസ്റ്റിലുണ്ട്. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ കാര്യമാണിത്. റിലീസിന് മുന്‍പ് തന്നെ നിരവധി റെക്കോര്‍ഡുകള്‍ നേടിയാണ് ചിത്രം മുന്നേറുന്നത്. മോഹന്‍ലാലിന്റെയും മഞ്ജു വാര്യരുടെയും ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.