ശബരിമല ; പ്രതിഷേധിച്ച ദേവസ്വം ബോര്‍ഡ് ജീവനക്കാരനു സസ്പെന്‍ഷന്‍
ശബരിമല സന്നിധാനത്ത് രാത്രിയില്‍ പ്രശ്‌നമുണ്ടാക്കിയതിന് അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു. തൃക്കാരിയൂര്‍ ഗ്രൂപ്പിലെ അറേക്കാട് ക്ഷേത്രത്തിലെ വാച്ചര്‍ പുഷ്പരാജനെയാണ് സസ്‌പെന്റ് ചെയ്തത്.
പറവൂര്‍ ദേവസ്വം അസി. കമ്മീഷണര്‍ ഓഫീസില്‍ നിന്നും ശബരിമല ഡ്യൂട്ടിക്കായി റിലീവ് ചെയ്ത് ഇയാള്‍ ഡ്യൂട്ടിക്ക് ജോയിന്‍ ചെയ്തില്ല. ശബരിമല നട അടയ്ക്കുന്ന സമയത്തും തുടര്‍ന്നും അതീവ സുരക്ഷാ മേഖലയില്‍ പ്രശ്‌നമുണ്ടാക്കിയതായും പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തതിന് അറസ്റ്റിലാവുകയുമായിരുന്നു.
14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തതിനെ തുടര്‍ന്നാണ് ഇയാളെ സസ്‌പെന്റ് ചെയ്ത് ദേവസ്വം കമ്മീഷണര്‍ എന്‍ വാസു ഉത്തരവിറക്കിയത്. ശബരിമല സന്നിധാനത്ത് നിരോധാനാജ്ഞ ലംഘിച്ചുകൊണ്ടുള്ള പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത ആര്‍എസ്എസ് നേതാവ് ആര്‍ രാജേഷിനെയും നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. ആരോഗ്യവകുപ്പാണ് രാജേഷിനെ സസ്പെന്റ് ചെയ്തത്.
അതേസമയം ശബരിമല സന്നിധാനത്ത് നിന്ന് എട്ട് പേരെ പോലീസ് കരുതല്‍ തടങ്കലിലാക്കിയ ശേഷം നാട്ടിലേക്ക് തിരിച്ചയച്ചു. ബിജെപി സര്‍ക്കുലര്‍ പ്രകാരം സന്നിധാനത്ത് എത്തിയവരെയാണ് കരുതല്‍ തടങ്കലിലാക്കിയതെന്ന് പോലീസ് വിശദീകരിച്ചു.
കൊല്ലം ജില്ലയിലെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണ് ഇവരെന്നും ഇവരുടെ ആര്‍എസ്എസ് ബന്ധം സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രത്യേക നിര്‍ദേശ പ്രകാരമാണ് ഇവിടെ എത്തിയതെന്നും പോലീസ് പറഞ്ഞു.
അതേസമയം ഇവര്‍ക്കെതിരെ കേസെടുക്കില്ലെന്നും നാട്ടിലേക്ക് ബസ് കയറ്റിവിടുമെന്നും ഇവര്‍ക്ക് പോലീസ് ഉറപ്പ് നല്‍കി.