കെ.എം.ഷാജിക്ക് നിയമസഭയില്‍ പ്രവേശിക്കാന്‍ കഴിയില്ല ‍; കോടതിയുടെത് വാക്കാല്‍ പരാമര്‍ശം : സ്പീക്കര്‍

ഹൈക്കോടതി അയോഗ്യത കല്‍പ്പിച്ച കെ.എം. ഷാജി എം.എല്‍.എയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. വര്‍ഗ്ഗീയ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേരള ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം.ഷാജിക്ക് നിയമസഭയില്‍ എത്താന്‍ കോടതിയുടെ വാക്കാല്‍ പരാമര്‍ശം മതിയാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചു.

കോടതിയില്‍ നിന്ന് രേഖാമൂലം അറിയിപ്പ് കിട്ടണമെന്നും ഇക്കാര്യം കെ.എം ഷാജിയെ അറിയിക്കുമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.കെ.എം ഷാജിക്ക് എംഎല്‍എയായി നിയമസഭയില്‍ എത്തുന്നതിന് തടസമില്ലെന്ന് സുപ്രീംകോടതി ഇന്ന് വാക്കാല്‍ പറഞ്ഞിരുന്നു. കേസ് വേഗം പരിഗണിക്കണമെന്ന് രാവിലെ കെ.എം.ഷാജിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു സുപ്രീംകോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍.

ഒരു തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുമ്പോള്‍ ഇറക്കുന്ന ഉത്തരവ് തന്നെ ഈ കേസിലും ഉണ്ടാകുമെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, അതുപ്രകാരം കെ.എം.ഷാജിക്ക് എം.എല്‍.എയായി നിയമസഭയില്‍ എത്താന്‍ തടസമില്ലെന്ന് പറഞ്ഞിരുന്നു.

എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെയുള്ള കെ.എം.ഷാജിയുടെ ഹര്‍ജി അടിയന്തിരമായി പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. തനിക്കെതിരായ വിധിക്കെതിരെ കെ.എം.ഷാജിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി അനുവദിച്ച സ്റ്റേയുടെ കാലാവധി നാളെ അവസാനിക്കും. ഇതോടെ 27 മുതല്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കെ.എം. ഷാജിക്ക് സാധിക്കില്ല എന്ന് ഉറപ്പായി.

നേരത്തെ നിയമസഭാംഗത്വം റദ്ദാക്കിയ കെ.എം. ഷാജിയെ ആറുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. മതസ്പര്‍ദ്ദ വളര്‍ത്തുന്ന ലേഖനങ്ങള്‍ പ്രചരിപ്പിച്ച് വിജയിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ നടപടി.