ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത എന്ന് കുടുംബം
അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകളുടെയും അപകടമരണത്തില്‍ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് കുടുംബം രംഗത്ത്. ഇതു സംബന്ധിച്ച പരാതി ബാലഭാസ്‌കറിന്റെ അച്ഛന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറി.
ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും അപകടത്തെക്കുറിച്ച് വ്യത്യസ്ത മൊഴികളാണ് നല്‍കിയത്. അപകടസമയത്ത് വാഹനം ഓടിച്ചത് ആരായിരുന്നുവെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഈ സാഹചര്യമാണ് ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തില്‍ ദുരൂഹതയുണ്ട് എന്ന് കുടുംബം സംശയിക്കാന്‍ കാരണമായത്.
സെപ്തംബര്‍ 25 നാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍ പെടുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി സംഭവസ്ഥലത്ത് തന്നെ ബാല മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കര്‍ ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭാര്യ ലക്ഷ്മിക്കും ഡ്രൈവര്‍ അര്‍ജ്ജുനും ഗുരുതരമായി പരിക്കേറ്റിരുന്നു.