വനിതാ ജീവകാരുണ്യ പ്രസ്ഥാനമായ എയ്ഞ്ചല്‍ ചാരിറ്റി ഇവന്റിലൂടെ എയ്ഞ്ചല്‍ ഭവന് തുടക്കം
ബാസല്‍: നാളുകളായി ജീവകാരുണ്യ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന സ്വിസര്‍ലണ്ടിലെ വനിതാ കൂട്ടായ്മയായ എയ്ഞ്ചല്‍ ബാസല്‍ നവംബര്‍ 18ന് നടത്തിയ ചാരിറ്റി ലഞ്ച് ഇവന്റ് ശ്രദ്ധേയമായി.
ചടങ്ങിനോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ സ്വിസ് സമൂഹത്തില്‍ ശുശ്രുഷ ചെയ്യുന്ന ഫാ. മാര്‍ട്ടിന്‍ പയ്യപ്പിള്ളി അധ്യക്ഷത വഹിച്ചു. സംഘടനാ പ്രസിഡണ്ട് ബോബി ചിറ്റാറ്റില്‍ സ്വാഗതം അര്‍പ്പിച്ച യോഗത്തില്‍ കേരള കള്‍ച്ചറല്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡണ്ട് ലാലു ചിറക്കല്‍ ആശംസാപ്രസംഗം നടത്തി. എയ്ഞ്ചല്‍ ബാസല്‍ നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി നടത്തിയ ഹ്രസ്വ ചിത്ര പ്രദര്‍ശനവും, സൂര്യ തളിയത്തിന്റെ ഡാന്‍സ് സ്‌കൂള്‍ കുട്ടികള്‍ നടത്തിയ കലാപ്രകടനങ്ങളും രുചികരമായ ഭക്ഷണവും കൊണ്ട് ഏറെ ആകര്‍ഷകമായി.
കിടപ്പാടം ഇല്ലാതെ സാമ്പത്തികമായി ഏറെ കഷ്ടത അനുഭവിക്കുന്ന കേരളത്തിലെ ഒരു കുടുംബത്തിന് ‘എയ്ഞ്ചല്‍ ഭവന്‍’ എന്ന നാമധേയത്തില്‍ ഒരു പുതിയ വീട് നിര്‍മ്മിച്ചു നല്‍കുവാന്നാണ് എയ്ഞ്ചല്‍ ബാസല്‍ ഈ ചാരിറ്റി ഇവന്റിനിലൂടെ ലക്ഷ്യം വെക്കുന്നത്. വെല്ലുവിളികള്‍ ഏറെ നിറഞ്ഞതാണെങ്കിലും എഞ്ചല്‍സ് ഭാരവാഹികളുടെ നിസ്വാര്‍ത്ഥ സഹകരണവും പ്രോത്സാഹനവും കൊണ്ട് ലക്ഷ്യം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും എന്ന വിശ്വാസത്തിലാണ്.
എയ്ഞ്ചല്‍ ബാസലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്ന എല്ലാ സുമനസുകള്‍ക്കും, അഭ്യുദയകാംക്ഷികള്‍ക്കും സെക്രട്ടറി സിമ്മി ചിറക്കല്‍ നന്ദിയും പ്രകാശിപ്പിച്ചു.