ശബരിമലയില്‍ നടവരവ് കുറഞ്ഞു എന്ന് മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍

ശബരിമലയിലെ നടവരവ് കുറഞ്ഞതായി മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍. നടവരവ് കുറഞ്ഞത് ദേവസ്വം ബോര്‍ഡിനെ ബാധിക്കുമെന്നും മന്ത്രി പറയുന്നു. ‘നടവരവ് കുറഞ്ഞത് സര്‍ക്കാരിന് ഒരിക്കലും പ്രതിസന്ധി സൃഷ്ടിക്കുന്നില്ല. എന്നാല്‍ ദേവസ്വം ബോര്‍ഡിലെ ശമ്പളം, ആനുകൂല്യങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതില്‍ പ്രയാസമുണ്ടാക്കും’- മന്ത്രി പറഞ്ഞു.

നടവരവ് കുറയ്ക്കുക എന്നത് ആര്‍.എസ്.എസിന്റെയും സംഘപരിവാറിന്റെയും ലക്ഷ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുന്‍വര്‍ഷങ്ങളിലും നടവരവ് കുറയ്ക്കാന്‍ സംഘപരിവാര്‍ ശ്രമം നടത്തിയിട്ടുണ്ടെന്നും, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമുണ്ടായാല്‍ നോക്കാമെന്നും മന്ത്രി പറഞ്ഞു,

അതേസമയം മന്ത്രിയുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് ബി.ജെ.പി നേതാവ് ജി. രാമന്‍നായര്‍ പ്രതികരിച്ചു. ക്ഷേത്രത്തിലെ നടവരവ് കുറയ്ക്കാന്‍ ആര്‍.എസ്.എസ്. ശ്രമിക്കുന്നുവെന്ന ആരോപണം ശരിയല്ല. ദേവസ്വംബോര്‍ഡിന് ലഭിക്കുന്ന പണംകൊണ്ട് ക്ഷേത്രത്തിലെത്തുന്ന വിശ്വാസികള്‍ക്ക് സൗകര്യമൊരുക്കുന്നതിനു പകരം വിശ്വാസികള്‍ക്കെതിരായ നിലപാട് സ്വീകരിക്കുന്നതിനാലാണ് അവര്‍ കാണിക്കയിടാത്തതെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ പണം സര്‍ക്കാര്‍ തങ്ങളുടെ മറ്റാവശ്യങ്ങള്‍ക്കാണ് ചിലവഴിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.