ബ്രിട്ടന് യൂറോപ്യന്‍ യൂണിയന്‍ ബന്ധം അവസാനിപ്പിക്കാന്‍ അംഗീകാരം

ബ്രസല്‍സ്: ബ്രെക്‌സിറ്റിനു യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം. ബ്രിട്ടന്‍ ഇ.യു ബന്ധം അവസാനിപ്പിക്കുന്ന കരാറിന് അംഗരാജ്യങ്ങള്‍ അംഗീകാരം നല്‍കിയാതായി റിപ്പോര്‍ട്ട്. ഞായറാഴ്ച ബ്രസല്‍സില്‍ വിളിച്ചുചേര്‍ത്ത 28 രാഷ്ട്രനേതാക്കളുടെ യോഗത്തിലാണ് സുപ്രധാന തീരുമാനം. കരാറില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് പിന്തുണ നല്‍കാന്‍ ഉച്ചകോടി ബ്രിട്ടീഷ് പാര്‍ലമന്റെ് അംഗങ്ങളോട് ആവശ്യപ്പെട്ടു.

ഉടമ്പടിക്ക് അംഗീകാരം നല്‍കിയത് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌ക് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഒന്നര വര്‍ഷത്തിലേറെ നീണ്ട കൂടിയാലോചനകള്‍ക്കുശേഷം തയാറാക്കിയ 600പേജ് കരാറിന് അരമണിക്കൂര്‍ മാത്രം നീണ്ട യോഗത്തിലാണ് അംഗീകാരമായത്.

അടുത്ത വര്‍ഷം മാര്‍ച്ച് 29ന് ബ്രിട്ടന്‍ ഇ.യു വിടുന്നതടക്കം രണ്ടു കരാറുകളിലാണ് ഒപ്പുവെച്ചിരിക്കുന്നത്. ഇ.യുവും ബ്രിട്ടനും തമ്മിലെ ഭാവി വ്യാപാര ബന്ധം സംബന്ധിച്ച 26 പേജ് കരാറാണ് ഉച്ചകോടി അംഗീകാരം നല്‍കിയ രണ്ടാമത്തെ കരാര്‍.

സുപ്രധാന തീരുമാനത്തോടെ ബ്രെക്‌സിറ്റിന്റെ ആദ്യ കടമ്പ കടന്നതായി ഇ.യു മുതിര്‍ന്ന അംഗം മൈക്കിള്‍ ബാര്‍ണിയര്‍ പ്രതികരിച്ചു. െബ്രക്‌സിറ്റ് ഇരുപക്ഷത്തിനും ദുരിതമുണ്ടാക്കുന്നതാണെന്നും ഈ ദിവസം ദുഃഖദിനമാണെന്നും ഇ.യു ചീഫ് എക്‌സിക്യൂട്ടിവ് ജുവാന്‍ ക്ലൗഡ് ജങ്കര്‍ പ്രസ്താവിച്ചു.

എന്നാല്‍, അനിവാര്യമായ കരാറിന് അംഗീകാരം നല്‍കാതിരിക്കാനാവില്ലെന്നും ജങ്കര്‍ കൂട്ടിച്ചേര്‍ത്തു. കരാറില്‍ അന്തിമ തീരുമാനമാവാന്‍ ബ്രിട്ടീഷ് പാര്‍ലമന്റെിന്റെ അംഗീകാരം കൂടി ലഭിക്കണം.

നേരത്തേ തെരേസ മേയ് മുന്നോട്ടുവെച്ച ഉടമ്പടിക്ക് ബ്രിട്ടീഷ് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍, കരാറില്‍ വിയോജിച്ച് നാലു മന്ത്രിമാര്‍ രാജിവെച്ചത് മേയ്ക്ക് തിരിച്ചടിയായി. പാര്‍ലമന്റെില്‍ കടുത്ത എതിര്‍പ്പാണ് മേയ് നേരിടുന്നത്.

പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ഭരണപക്ഷത്തെ ചില എം.പിമാരും കരാറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പാര്‍ലമന്റെിന്റെ അംഗീകാരം ലഭിച്ചില്ലെങ്കില്‍ മേയ്ക്ക് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനായേക്കില്ല. അങ്ങനെയെങ്കില്‍ ബ്രക്‌സിറ്റില്‍ മറ്റൊരു ഹിതപരിശോധനയുടെ സാധ്യതയും വിദഗ്ധര്‍ കാണുന്നുണ്ട്.

ബ്രിട്ടന്റെ മികച്ച ഭാവിക്ക് ബ്രെക്‌സിറ്റ് കരാറിനെ പിന്തുണക്കണമെന്ന് മേയ് തുറന്ന കത്തിലൂടെ ജനങ്ങളോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. 2016 ജൂണ്‍ 23ന് നടന്ന ഹിതപരിശോധനയില്‍ 52 ശതമാനം പേരുടെ പിന്തുണയോടെയാണ് ബ്രെക്‌സിറ്റിന് ബ്രിട്ടീഷ് ജനതയുടെ അംഗീകാരം ലഭിച്ചത്.