ശ്രുതി പളനിയപ്പന്‍ ഹാര്‍വാര്‍ഡ് സ്റ്റുഡന്റ് ബോഡി പ്രസിഡന്റ്

പി.പി. ചെറിയാന്‍

വാഷിംഗ്ടണ്‍: ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി അണ്ടര്‍ ഗ്രാജുവേറ്റ് കൗണ്‍സില്‍ പ്രസിഡന്റായി ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ശ്രുതി പളനിയപ്പനേയും(20), വൈസ് പ്രസിഡന്റായി ജൂലിയ എം. ഹസ്സെയേയും (20), തിരഞ്ഞെടുത്തതായി യു.സി. ഇലക്ഷന്‍ കമ്മീഷന്‍ നവംബര്‍ 15ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

2797 വിദ്യാര്‍ത്ഥികള്‍ വോട്ടു രേഖപ്പെടുത്തിയതില്‍ ഇരുവരും 41.5 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ എതിരാളികള്‍ക്ക് 26.5 ശതമാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ഡിസംബര്‍ മാസം അധികാരം ഏറ്റെടുക്കുന്ന ഇവര്‍ ‘Make Harvard Home’ ‘മെയ്ക്ക് ഹാര്‍വാര്‍ഡ് ഹോം’ എന്ന മുദ്രാവാക്യമാണ് മുന്നോട്ടു വച്ചിരിക്കുന്നത്.

1992ല്‍ ചെന്നെയില്‍ നിന്നും അമേരിക്കയിലെത്തിയ മാതാപിതാക്കളോടൊപ്പമാണ് ശ്രുതിയും ഇവിടെ എത്തിയത്. 2016ല്‍ ഫിലഡല്‍ഫിയായില്‍ നടന്ന ഡമോക്രാറ്റിക്ക് ദേശീയസമ്മേളനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു ശ്രുതി.

അണ്ടര്‍ ഗ്രാജുവേറ്റ് കൗണ്‍സില്‍ അംഗമായ ശ്രുതി കൗണ്‍സില്‍ എഡുക്കേഷന്‍ കമ്മിറ്റി അദ്ധ്യക്ഷയായിരുന്നു. വിദ്യാര്‍ത്ഥികളുടെ ടൗണ്‍ ഹോള്‍ വിളിച്ചുകൂട്ടി അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് ശ്രുതി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ലൈംഗീക ചൂഷണം, മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ സെമിനാറുകള്‍ സംഘടിപ്പിക്കുമെന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ശ്രുതി പറഞ്ഞു.

യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയത് നെയ്ദീന്‍ എം. അര്‍ണവ് അഗര്‍വാള്‍ എന്നിവരാണ്.