ക്രുണാല്‍ എറിഞ്ഞു വീഴ്ത്തി കോഹ്ലി അടിച്ചെടുത്തു, ഓസീസിനെ തോല്പിച്ചു
ആവേശകരമായ മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെ തോല്പിച്ചു. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റു നഷ്ടത്തില്‍ 164 റണ്‍സ് നേടി. റണ്‍ വേട്ടക്കുതകുന്ന പിച്ചില്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്കെതിരെ ഫിഞ്ചും ഷോര്‍ട്ടും മികച്ച ബാറ്റിങ് പുറത്തെടുത്തെങ്കിലും, സ്പിന്‍ സ്പെല്‍ തുടങ്ങിയപ്പോള്‍ കളി മാറി. ഫിഞ്ചിനെ കുല്‍ദീപ് യാദവിന്റെ പന്തില്‍ ക്രുണാല്‍ പാണ്ട്യ ക്യാച് എടുത്തു പുറത്താക്കി. തുടര്‍ന്ന് പാണ്ട്യ തന്റെ ആദ്യ ഓവറില്‍ തന്നെ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. പാണ്ട്യ യാദവ് സ്പിന്‍ സ്പെല്ലിനു മുന്നില്‍ മാക്സ്വെല്ലിനും അധികമൊന്നും ചെയ്യാന്‍ ആയില്ല. 13 റണ്‍സെടുത്ത മാക്സ്വെല്ലിനെയും 27 റണ്‍സെടുത്ത അലക്സ് കരെയെയും പാണ്ട്യ തന്നെ പുറത്താക്കി. അവസാന ഓവറുകളില്‍ സ്റ്റോയ്നിസിന്റെ മികച്ച ബാറ്റിങ്ങില്‍ ഓസ്ട്രേലിയ 6 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി.
ഇന്ത്യന്‍ ഇന്നിംഗ്സ് തുടക്കം മുതല്‍ തന്നെ ആവേശകരമായിരുന്നു. നിര്‍ണ്ണായക അവസാന ടി20 മത്സരത്തില്‍ ധവാനും രോഹിതും ബാറ്റിംഗ് വെടിക്കെട്ട് തീര്‍ത്തു. 5 ഓവര്‍ തികയുമ്പോള്‍ ഇന്ത്യ 65 റണ്‍സ് അടിച്ചുകൂട്ടി. ആറാം ഓവറില്‍ സ്റ്റാര്‍ക് 22 പന്തില്‍ 41 റണ്‍സ് നേടിയ ധവാനെ പുറത്താക്കി. സ്പിന്നര്‍ സാമ്പയുടെ ആദ്യ ഓവറില്‍ ആദ്യ നാല് പന്തുകളിലും ഒന്നും ചെയ്യാന്‍ ആകാതെ അഞ്ചാം പന്തില്‍ രോഹിതും (23 റണ്‍സ്) പുറത്തായി. തുടരെ രണ്ടു വിക്കറ്റുകള്‍ നേടിയ ഓസ്ട്രേലിയ ആത്മവിശ്വാസം വീണ്ടെടുത്തു. സംയമനത്തോടെ കോഹ്ലി രാഹുല്‍ കൂട്ടുകെട്ടില്‍ 41 റണ്‍സ് കൂടി നേടി. ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടയില്‍ മാക്സ്വെല്ലിന്റെ പന്തില്‍ രാഹുല്‍ ഔട്ട് ആയി.
മറ്റൊരു റെക്കോര്‍ഡ് കൂടി കോഹ്ലി സ്വന്തമാക്കി, ഓസ്ട്രേലിയയില്‍ സന്ദര്‍ശക ടീം ക്യാപ്റ്റന്‍ നേടുന്ന ആദ്യ ടി20 അര്‍ദ്ധ സെഞ്ച്വറി വിരാട് കോഹ്ലി (41 പന്തില്‍ 61 റണ്‍സ്) നേടി. 22 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കിന്റെ പിന്തുണയോടെ തുടരെ രണ്ടു ബൗണ്ടറികള്‍ കടത്തി കോഹ്ലി വിജയക്കൊടി പാറിച്ചു. 2 പന്ത് ബാക്കി നില്‍ക്കേയാണ് ഇന്ത്യയുടെ വിജയം.
ഇതോടെ 3 മത്സരങ്ങളുടെ ടി20 പരമ്പര സമനിലയില്‍ അവസാനിച്ചു. ആദ്യ മത്സരവും ഇന്ത്യ തോല്‍ക്കുകയും രണ്ടാം മത്സരം ഉപേക്ഷിക്കുകയും ചെയ്തു, രണ്ടും മഴ കാരണം ആണ് സംഭവിച്ചത്.