നവയുഗത്തിന്റെ സഹായത്തോടെ പര്‍വീണ്‍ ബേഗം നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: വനിതാ അഭയകേന്ദ്രത്തില്‍ നിന്നും നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ, തമിഴ്‌നാട്‌സ്വദേശിനിയായ വനിത, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
തമിഴ്നാട് തൃച്ചി സ്വദേശിനി പര്‍വീണ്‍ ബേഗം ഇക്ബാല്‍, എന്ന വീട്ടുജോലിക്കാരിയാണ് ജോലിസ്ഥലത്തെ ദുരിതങ്ങള്‍ കാരണം നാട്ടിലേയ്ക്ക് മടങ്ങിയത്.
14 മാസങ്ങള്‍ക്ക് മുന്‍പാണ് പര്‍വീണ്‍ ബേഗം ഹൌസ് മൈഡ് വിസയില്‍ സൗദി അറേബ്യയിലെ ജുബൈലില്‍ ഒരു വീട്ടില്‍ ജോലിയ്ക്ക് എത്തിയത്. ഒരു വര്‍ഷം ആ വീട്ടില്‍ ജോലി ചെയ്തു. ജോലി സാഹചര്യങ്ങള്‍ മോശമായിരുന്നു. എന്തിനും ഏതിനും കുറ്റം പറയാനും, വിശ്രമം നല്‍കാതെ പണി ചെയ്യിയ്ക്കാനുമുള്ള വീട്ടുടമസ്ഥയുടെ വ്യഗ്രത പര്‍വീണിനെ ഏറെ ബുദ്ധിമുട്ടിച്ചു. മതിയായ ആഹാരം പോലും പലപ്പോഴും കിട്ടിയില്ല. ഒടുവില്‍ സഹികെട്ട്, ആരും കാണാതെ ആ വീട്ടില്‍ നിന്നും പുറത്തിറങ്ങി, അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞു. പോലീസുകാര്‍ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ എത്തിച്ചു.
അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് പര്‍വീണ്‍ വിവരങ്ങളൊക്കെ പറഞ്ഞു സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും, ജുബൈലിലെ സാമൂഹ്യപ്രവര്‍ത്തകനായ യാസിറിന്റെ സഹായത്തോടെ പര്‍വീണിന്റെ സ്പോണ്‍സറെ ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തി. ഏറെ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ സ്‌പോണ്‍സര്‍ ഫൈനല്‍ എക്‌സിറ്റും, കുടിശ്ശിക ശമ്പളവും നല്‍കാമെന്ന് സമ്മതിച്ചു.
നിയമനടപടികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍, യാസിര്‍ തന്നെ പര്‍വീണിന് വിമാനടിക്കറ്റ് നല്‍കി. എല്ലാവര്‍ക്കും നന്ദി പറഞ്ഞു പര്‍വീണ്‍ നാട്ടിലേയ്ക്ക് മടങ്ങി.