ശബരിമല സ്ത്രീ പ്രവേശനം ; മാർഗനിർദേശം തേടി കേരളാ പൊലീസ് സുപ്രീംകോടതിയിലേക്ക്

ശബരിമലയിലെ യുവതീപ്രവേശനവിധി നടപ്പാക്കാന്‍ വേണ്ടി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിയ്ക്കാന്‍ കേരളാ പൊലീസ്. വിധി നടപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. എന്നാല്‍ പല കോടതികളിലായി പൊലീസിന്റെ ജോലി തടസ്സപ്പെടുത്തുന്ന രീതിയില്‍ ഹര്‍ജികള്‍ വരുന്നു. ഇതിനാല്‍ വിധി നടപ്പാക്കാനാകുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.

ഹര്‍ജി നല്‍കുന്നത് സംബന്ധിച്ച് ഉന്നത പൊലീസുദ്യോഗസ്ഥര്‍ ദില്ലിയിലെ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിയ്ക്കാനാണ് പൊലീസ് നീക്കം.

ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ ഹൈക്കോടതിയിലടക്കം നിരവധി ഹര്‍ജികള്‍ വരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ പുതിയ നീക്കം. പൊലീസിന്റെ നിയന്ത്രണങ്ങളുടെയും ശബരിമലയില്‍ പ്രഖ്യാപിച്ചിരിയ്ക്കുന്ന നിരോധനാജ്ഞയുടെയും പേരില്‍ വലിയ വിമര്‍ശനങ്ങളാണ് പൊലീസിന് നേരിടേണ്ടി വന്നത്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനും ക്രമസമാധാനപാലനത്തിനുമാണ് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതെന്ന് എജിയടക്കം ഹൈക്കോടതിയില്‍ ഹാജരായി പല തവണ വിശദീകരണം നല്‍കേണ്ടി വന്നിരുന്നു. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ച് ഡിജിപിയ്ക്ക് സത്യവാങ്മൂലം നല്‍കേണ്ടിയും വന്നു.

ഇതിനിടെ പൊലീസിന് കൃത്യമായ നിയന്ത്രണച്ചട്ടങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്നില്ലെന്നാകും സുപ്രീംകോടതിയില്‍ സമര്‍പ്പിയ്ക്കുന്ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുക. ഹൈക്കോടതിയില്‍ നിന്നടക്കമുണ്ടാകുന്ന പരാമര്‍ശങ്ങള്‍ അനുസരിച്ച് ചട്ടങ്ങള്‍ മാറ്റേണ്ടി വരുന്നുവെന്നും പൊലീസ് ചൂണ്ടിക്കാട്ടും.

ശബരിമലയില്‍ യഥാര്‍ഥ ഭക്തരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് ഹര്‍ജിയില്‍ വ്യക്തമാക്കും. പ്രശ്‌നമുണ്ടാക്കിയ പ്രക്ഷോഭകാരികളെ മാത്രമാണ് അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുള്ളത്. അതിനു പോലും വിമര്‍ശനം നേരിടേണ്ടി വന്നെന്നും പൊലീസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.