കുടിയേറ്റക്കാരായ 14000 കുട്ടികള്‍ യു.എസ് കസ്റ്റഡിയില്‍
പി.പി. ചെറിയാന്‍
വാഷിംഗ്ടണ്‍: അനധികൃതമായി മാതാപിതാക്കളോടൊപ്പം കുടിയേറിയ 14000 കുട്ടികള്‍ യു എസ്സില്‍ തടങ്കലില്‍ കഴിയുന്നുണ്ടെന്ന് ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വ്വീസസ് സ്പോക്ക്മാന്‍ മാര്‍ക്ക് വെബ് നവംബര്‍ 24 വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ സുരക്ഷാ സംവിധാനം ശക്തിപ്പടുത്തിയതായും, മറ്റ് തടവുകാരില്‍ നിന്നുള്ള മോശം പെരുമാറ്റം ഒഴിവാക്കുന്നതിനും ട്രംമ്പ് ഭരണകൂടം പ്രത്യേകം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മാര്‍ക്ക് പറഞ്ഞു.
കസ്റ്റഡിയില്‍ കഴിയുന്ന കുട്ടികളെ ഏറ്റെടുക്കുന്നതിന് മുന്നോട്ട് വരുന്ന ബന്ധപ്പെട്ടവരെ സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ടെന്നും, എന്നാല്‍ ഭൂരിപക്ഷവും അനധികൃത കുടിയേറ്റക്കാരായതിനാല്‍ ഇമ്മിഗ്രേഷന്‍ അധികൃതരെ പേടിച്ച് കുട്ടികളെ ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ലെന്നും മാര്‍ക്ക് പറഞ്ഞു.
കുട്ടികളുടെ അനധികൃത തടങ്കല്‍ നീണ്ടുപോകുന്നതിനെതിരെ നിരവധി ലോ സ്യൂട്ടുകള്‍ നിലവിലുണ്ടെന്നും ഇതില്‍ നടപടി സ്വീകരിക്കാതെ കുട്ടികള്‍ക്ക് 18 വയസ്സ് തികയുന്നവരെ കാത്തിരുന്ന് അവരുടെ പേരില്‍ ഡിറ്റന്‍ഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ ഗവണ്മെണ്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
അനധികൃത കുടിയേറ്റക്കാരായ മാതാപിതാക്കളില്‍ നിന്നും 200 കുട്ടികളെ മാത്രമേ ട്രംമ്പിന്റെ സീറൊ ടോളറന്‍സ് പോളിസിയനുസരിച്ച് മാറ്റി പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.