പി.കെ.ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്തുമായി വി എസ്

ലൈംഗിക ആരോപണം നേരിടുന്ന പി.കെ.ശശി എംഎല്‍എക്കെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കി. ശശിക്കെതിരായ നടപടി വൈകുന്നതില്‍ വിഎസ് അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിച്ചു. നടപടി ചര്‍ച്ച ചെയ്യാന്‍ നാളെ സംസ്ഥാന സമിതി യോഗം ചേരാനിരിക്കെയാണ് വിഎസിന്റെ നീക്കം.

പികെ. ശശിയെ കാല്‍നട പ്രചരണ ജാഥയുടെ ക്യാപ്റ്റനാക്കിയതിലെ എതിര്‍പ്പും വിഎസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ശശിക്കെതിരായ നടപടിയില്‍ തീരുമാനമെടുക്കാതെ കഴിഞ്ഞ ദിവസം സംസ്ഥാന സമിതി പിരിഞ്ഞിരുന്നു.

പി.കെ.ശശി ക്യാപ്റ്റനായ കാല്‍നട ജാഥ തുടരുന്നതിനാല്‍ നടപടിയെടുക്കുന്നത് നീട്ടി വയ്ക്കാനായിരുന്നു തീരുമാനം. നിയമസഭ തുടങ്ങുന്ന 26-ാം തീയതിക്ക് മുമ്പ് വിഷയത്തില്‍ തീരുമാനമെടുക്കണമെന്ന് നേരത്തേ പാര്‍ട്ടിയില്‍ ധാരണയുണ്ടായിരുന്നു. എന്നാല്‍, കാല്‍നട ജാഥയ്ക്കിടെ നടപടിയുണ്ടാകുന്നത് പരിപാടിയെ ബാധിക്കുമെന്നാണ് ഇരു നേതൃയോഗങ്ങളും വിലയിരുത്തിയത്.

ശശിക്കെതിരെ കടുത്ത നടപടിയുണ്ടാകാന്‍ സാധ്യത കുറവാണെന്നാണ് സൂചന. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ശശിയെ ഏരിയ കമ്മിറ്റിയിലേക്കോ ബ്രാഞ്ച് കമ്മിറ്റിയിലേക്കോ തരംതാഴ്ത്താനാണ് സാധ്യത. ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ പരാതി എ.കെ. ബാലനും പി.കെ. ശ്രീമതിയും അടങ്ങുന്ന കമ്മീഷനാണ് അന്വേഷിച്ചത്.

കമ്മീഷനെ നിയോഗിച്ച് രണ്ട് മാസമായിട്ടും നടപടി വൈകിയതിനാല്‍ പരാതിക്കാരി വീണ്ടും കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടറിയേറ്റും കമ്മിറ്റിയും റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തത്. പീഡനപരാതിയില്‍ ആരോപണവിധേയനായ ശശിയെ ജാഥാ ക്യാപ്റ്റനാക്കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അമര്‍ഷം പുകയുന്നതിനിടെയാണ് വിഎസ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

പീഡന പരാതികളില്‍ വിട്ടുവീഴ്ച ചെയ്യുന്നത് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുമെന്ന് വി.എസ്. കത്തില്‍ ചൂണ്ടിക്കാട്ടി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കാണ് കത്ത് നല്‍കിയത്.