പി.കെ.ശശിക്കെതിരെ കടുത്ത നടപടി ; പ്രാഥമികാംഗത്വത്തിൽ നിന്ന് ആറ് മാസത്തേയ്ക്ക് സസ്പെൻഷൻ

ലൈംഗികപീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ കടുത്ത നടപടി. ആറ് മാസത്തേയ്ക്ക് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് ശശിയെ സസ്‌പെന്‍ഡ് ചെയ്തു. സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റും സംസ്ഥാനസമിതിയുമാണ് തീരുമാനമെടുത്തത്.

ശശി സംസ്ഥാനസമിതിയ്ക്ക് നല്‍കിയ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് നടപടിയില്‍ തീരുമാനമായത്. ശശിയ്‌ക്കെതിരെ കടുത്ത നടപടിയുണ്ടാകില്ലെന്ന സൂചനയാണ് ആദ്യം ഉണ്ടായിരുന്നത്. നടപടി തരംതാഴ്ത്തലില്‍ ഒതുങ്ങുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ നാളെ നിയമസഭാ സമ്മേളനം തുടങ്ങാനിരിയ്ക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി പ്രതിരോധത്തിലാകും എന്ന മുന്‍കരുതലിലാണ് കടുത്ത നടപടി സ്വീകരിച്ചത്.

ശശിയ്‌ക്കെതിരായ പരാതിയെച്ചൊല്ലി കമ്മീഷന്‍ അംഗങ്ങള്‍ക്കിടയിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു. പരാതി പാലക്കാട്ടെ വിഭാഗീയതയുടെ ഭാഗമെന്ന് എ.കെ.ബാലനും അതല്ലെന്ന് പി.കെ.ശ്രീമതിയും നിലപാടെടുത്തു. എന്നാല്‍ ഭിന്നാഭിപ്രായം റിപ്പോര്‍ട്ടിലില്ലെന്നും, റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഏകകണ്ഠമായാണെന്നുമാണ് വിവരം. ഡിവൈഎഫ്‌ഐ വനിതാനേതാവാണ് പി.കെ.ശശിയ്‌ക്കെതിരെ പീഡനപരാതി നേരിട്ട് കേന്ദ്രനേതൃത്വത്തിന് നല്‍കിയത്.