ബി ജെ പിയുമായി സഹകരിക്കാന്‍ പി സി ജോര്‍ജ്ജ്; പിന്നില്‍ ശബരിമല വിവാദം
നിയമസഭയില്‍ ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ തയ്യറായി പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ്. എംഎല്‍എ ഒ.രാജഗോപാലിനൊപ്പം നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് ആലോചിക്കും. ബിജെപി സഹകരണത്തില്‍ മഹാപാപമില്ലെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.
ശബരിമലയുടെ പരിപാവനത നിലനിര്‍ത്താന്‍ ബിജെപിയാണ് ശക്തമായ നിലപാട് എടുത്തത്. കോണ്‍ഗ്രസിന് വലിയ സത്യസന്ധത ഉണ്ടായിരുന്നില്ല. പിണറായിയുടെ നേതൃത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വാസികളെ അടിച്ച് തകര്‍ക്കുന്നു. വസ്ത്രമുടുക്കാതെ റോഡിലൂടെ നടക്കുന്ന സ്ത്രീകള്‍ക്ക് അയ്യപ്പനെ കാണാന്‍ പൊലീസ് സംരക്ഷണം കൊടുക്കുന്നു. ഈ വൃത്തികേട് കാണിക്കുന്ന ഇടതുപക്ഷവുമായി യാതൊരു ബന്ധവുമില്ലെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.
നേരത്തെ ശബരിമല വിഷയത്തില്‍ സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് പി.സി.ജോര്‍ജ് രംഗത്തു വരികയും നാമജപപ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. പൂഞ്ഞാര്‍ പഞ്ചായത്തില്‍ ബിജെപിയുമായി സഹകരിക്കാന്‍ ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി തീരുമാനിച്ചിരുന്നു. ശബരിമല വിഷയം പശ്ചാത്തലമാക്കി ബിജെപിയിലേക്ക് പി.സി.ജോര്‍ജ് അടുക്കുന്നു എന്ന പ്രചാരണങ്ങള്‍ക്കിടയിലാണ് നിയമസഭയില്‍ ബിജെപിക്കൊപ്പം നില്‍ക്കാനുള്ള ജോര്‍ജിന്റെ തീരുമാനം.
ശബരിമല വിഷയത്തില്‍ ബിജെപിയോട് സ്നേഹം കൂടുതലാണ്. ഏറ്റവും വൃത്തികെട്ട പോലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയില്‍ നിയോഗിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ളയും ജനപക്ഷം നേതാവ് പിസി ജോര്‍ജും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ എത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇരുകക്ഷികളും തമ്മില്‍ സഭയിലുള്ള സഹകരണമെന്നും ബിജെപിയുടെ പ്രസ്താവനയില്‍ പറയുന്നു.