ശബരിമല ; നാടകീയരംഗങ്ങളും പ്രതിഷേധവും ; നിയമസഭ പിരിഞ്ഞു

ശബരിമല വിവാദത്തില്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. നിയമസഭാസമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളെച്ചൊല്ലി അരങ്ങേറിയത് നാടകീയരംഗങ്ങളാണ്. ശബരിമലയിലെ പൊലീസ് നടപടിയ്‌ക്കെതിരെ അടിയന്തരപ്രമേയത്തിന് അനുമതി തേടിയ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. എന്നാല്‍ പൊലീസ് നിയന്ത്രണങ്ങള്‍ ഭക്തര്‍ക്ക് വേണ്ടിയാണെന്നും അത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനപ്രകാരം ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിയ്ക്കുന്നതെന്നാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ വി.എസ്.ശിവകുമാര്‍ ആരോപിച്ചത്. ശിവകുമാറിന്റെ പ്രസംഗത്തിനിടെ റാന്നി എംഎല്‍എ രാജു എബ്രഹാമിനെ സംസാരിയ്ക്കാന്‍ സ്പീക്കര്‍ അനുവദിച്ചതിനെതിരെ പ്രതിപക്ഷം ബഹളം തുടങ്ങി. പ്രതിഷേധം തുടര്‍ന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേയ്ക്ക് പിരിയുകയായിരുന്നു.

ശബരിമല പ്രശ്‌നത്തില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ചോദ്യോത്തരവേളയില്‍ത്തന്നെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനപ്രകാരമായിരുന്നു ഇത്.

മുഖ്യമന്ത്രി സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധവും തുടങ്ങിയത്. ‘ശബരിമല സംരക്ഷിക്കണം’ എന്നെഴുതിയ പ്ലക്കാര്‍ഡും ബാനറുമായാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയില്‍ എത്തിയത്. തുടര്‍ന്ന് പ്രതിഷേധം അറിയിച്ചുവെന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടിയ ശേഷം ഇത്തരത്തില്‍ പ്രതിഷേധിക്കുന്നത് ശരിയല്ലെന്നും സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിപക്ഷ എംഎല്‍എമാര്‍ വഴങ്ങിയില്ല.

ആദ്യം സീറ്റിലിരുന്ന് പ്രതിഷേധം അറിയിച്ച പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. സ്പീക്കറുടെ ഡയസിന് മുന്നിലായിരുന്നു പിന്നീടുള്ള പ്രതിഷേധം. ചോദ്യോത്തര വേളയില്‍ സഹകരിക്കണമെന്ന് സ്പീക്കര്‍ വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാറിന്റെ നിലപാടുകള്‍ മാറ്റാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ വ്യക്തമാക്കി.

ചോദ്യോത്തര വേളയില്‍ ആദ്യത്തെ ചോദ്യം പ്രളയം സംബന്ധിച്ചായിരുന്നു. പ്രളയാനന്തര നടപടികളെ കുറിച്ച് മുഖ്യമന്ത്രി മറുപടി നല്‍കുന്നതിനിടെയും പ്രതിഷേധം തുടര്‍ന്നു. പ്രതിപക്ഷ എംഎല്‍എമാരായ അന്‍വര്‍ സാദത്തും ഐ.സി.ബാലകൃഷ്ണനും സ്പീക്കറുടെ ഡയസിലേയ്ക്ക് തള്ളിക്കയറാന്‍ നോക്കി. ഹൈബി ഈഡനും എ.വിന്‍സന്റും ചേര്‍ന്ന് ഒടുവില്‍ ഇരുവരെയും പിന്തിരിപ്പിച്ച് തിരിച്ചുകൊണ്ടുവരികയായിരുന്നു.

അതേസമയം ശബരിമലയെ അയോധ്യയാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാറിന് ഉത്തരവാദിത്വമുണ്ട്. വിധി എന്തായാലും നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തിലും വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയില്‍ സംഘപരിവാര്‍ സംഘടനകളാണ് പ്രശ്നം ഉണ്ടാക്കിയത്. ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ നിലപാടെടുക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട് എന്നും പിണറായി പറഞ്ഞു.