വിജയ് സേതുപതിയെയും ഗോവിന്ദ് വസന്തയെയും പ്രകീര്‍ത്തിച്ച് ദിനേശ് കാര്‍ത്തിക്


’96’ ല്‍ മയങ്ങി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക് ചിത്രത്തെയും അണിയറക്കാരെയും പ്രകീര്‍ത്തിച്ച് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഓസ്ട്രേലിയക്കെതിരെയുള്ള അവസാന ടി20 മത്സരത്തില്‍ കോഹ്ലിയോടൊപ്പം ചേര്‍ന്ന് മികച്ച ബാറ്റിങ് കാഴ്ച വച്ചിരുന്നു ദിനേശ് കാര്‍ത്തിക്. 13 പന്തില്‍ നിന്നും 30 റണ്‍സ് അടിച്ചുകൂട്ടി ടീമിനെ വിജയത്തിലേക്ക് എത്തിച്ചു, പരമ്പരയില്‍ സമനിലയും നേടിയിരുന്നു.

‘ എന്തൊരു മനോഹര ചിത്രമാണ് ’96’. കാതലേ കാതലേ എന്ന ഗാനം എന്നെ വല്ലാതെ പിന്തുടരുന്നു, സിനിമയിലെ ഓരോ ഫ്രെയിമും മനോഹരം സംഗീതം അതിലും സുന്ദരം’

തമിഴ്നാട്ടിലെ തിരുച്ചെന്തൂരില്‍ ജനിച്ചു വളര്‍ന്ന ദിനേശ് കാര്‍ത്തിക് 1999ല്‍ ആണ് അണ്ടര്‍14 തമിഴ്‌നാട് ടീമില്‍ എത്തുന്നത്. നല്ലൊരു ഡാന്‍സര്‍ കൂടിയാണ് ദിനേശ്. തമിഴ് സിനിമകളും ഗാനങ്ങളും ഏറെ പ്രിയമാണ്. തിരക്കേറിയ ക്രിക്കറ്റ് കരിയറിലും സിനിമകള്‍ കാണാന്‍ സമയം കണ്ടെത്താറുണ്ട്. ഇപ്പോള്‍ നടക്കുന്ന തിരക്കേറിയ ഓസ്ട്രേലിയന്‍ പര്യടനത്തിനിടയില്‍ ആണ് ’96’ എന്ന വിജയ് സേതുപതി ചിത്രം കണ്ടതും. സേതുപതിയുടെ അഭിനയത്തെയും സംഗീത സംവിധായകനെയും ഏറെ പ്രകീര്‍ത്തിച്ചു ദിനേശ്. തമിഴ് സഹതാരങ്ങളായ രവിചന്ദ്രന്‍ അശ്വിന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അഭിനവ് മുകുന്ദ് ടീം ഫിറ്റ്‌നസ് ട്രെയിനര്‍ ബസു ശങ്കര്‍ എന്നിവരെയും ട്വീറ്റില്‍ മെന്‍ഷന്‍ ചെയ്തിരുന്നു.

ദിനേശിന്റെ ഈ ട്വീറ്റുകള്‍ക്കു വിജയ് സേതുപതിയുടെ മറുപടി കാത്തിരിക്കയാണ് ഇരുവരുടെയും ആരാധകര്‍.