ഓണ്‍ലൈന്‍ ഭക്ഷണവില്‍പ്പന ഹോട്ടല്‍ ഉടമകള്‍ ഡിസംബര്‍ ഒന്നുമുതല്‍ ബഹിഷ്‌കരിക്കും
കൊച്ചി: തുടങ്ങി ഏറെ നാള്‍ ആകുന്നതിനു മുന്‍പ് തരംഗമായ സ്വിഗ്ഗി, യൂബര്‍ ഇറ്റ്‌സ്, സൊമാറ്റോ തുടങ്ങിയ ഓണ്‍ലൈന്‍ ഭക്ഷണ വില്‍പ്പന പ്രതിസന്ധിയില്‍. കൊച്ചിയിലെ ഹോട്ടല്‍ ഉടമകളുടെ സംഘടന ഡിസംബര്‍ ഒന്ന് മുതല്‍ ഇവര്‍ക്ക് ഭക്ഷണം നല്‍കില്ല. ഹോട്ടല്‍ വ്യവസായത്തില്‍ ഈ ഓണ്‍ലൈന്‍ ആപ്പുകള്‍ അപ്പാടെ കയ്യടക്കുകയാണെന്നും, ഇത് ഹോട്ടല്‍ വ്യവസായത്തെ ആകമാനം ബാധിക്കുമെന്നും ഇവര്‍ പറയുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ ഏതാനും മാസങ്ങള്‍ക്കകം കൊച്ചിയിലെ ചെറുകിട ഭക്ഷണ സ്ഥാപനങ്ങള്‍ തുടച്ചു നീക്കപ്പെടും എന്നും ഇവര്‍ ഭയക്കുന്നു.
ഡിസംബര്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ക്കു ഭക്ഷണം നല്‍കേണ്ട എന്നാണ് കൊച്ചിയിലെ ഹോട്ടല്‍ ഉടമകളുടെ തീരുമാനം. ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ആണ് തീരുമാനം പ്രഖ്യാപിച്ചത്. ബഹിഷ്‌കരണം പ്രഖ്യാപിച്ചതോടെ ഓണ്‍ലൈന്‍ ഭക്ഷണവിതരണം പ്രതിസന്ധിയിലായി, മാത്രമല്ല ഈ മേഖലയില്‍ ഡെലിവറി എക്‌സിക്യൂട്ടീവ്‌സ് ആയി ജോലി നോക്കുന്ന ഒട്ടനവധി ചെറുപ്പക്കാര്‍ക്ക് വരുമാന നഷ്ടവും ഉണ്ടാകും. എന്നാല്‍ ബഹിഷ്‌കരണം നടപ്പാക്കിയില്ലെങ്കില്‍ അന്യസംസ്ഥാനക്കാര്‍ ഉള്‍പ്പടെയുള്ള ഹോട്ടല്‍ തൊഴിലാളികളെ പിരിച്ചുവിടേണ്ട ഗതിയാണ് എന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്. ഹോട്ടലുകള്‍ ഓണ്‍ലൈന്‍ ഭക്ഷണ ശൃംഖലയുമായി ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ ഈ ബഹിഷ്‌കരണം എത്രത്തോളം നടപ്പാകും എന്ന് വരും ദിവസങ്ങളില്‍ കണ്ടു തന്നെ അറിയണം.