ഗോവ ചലച്ചിത്രോത്സവം രജതമയൂരമണിഞ്ഞ്‌ മലയാളം ; ചെമ്പൻ വിനോദിനും ലിജോ ജോസിനും പുരസ്കാരം

മലയാള സിനിമയ്ക്ക് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ അഭിമാന നിമിഷം. മികച്ച നടനും സംവിധായകനുമുള്ള രജത മയൂര പുരസ്‌കാരങ്ങളാണ് മലയാളം സ്വന്തമാക്കിയത്. മേളയില്‍ കേരളത്തിന് അഭിമാനമായുര്‍ത്തി ഈമയൗ.

ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിയും മികച്ച നടനുള്ള പുരസ്‌കാരം ചെമ്പന്‍ വിനോദും സ്വന്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ആഗോള നിലവാരമള്ള ചിത്രങ്ങളോട് മാറ്റുരച്ചാണ് ലിജോയുടെ ഈമയൗ മികച്ച നടനും സംവിധായകനുമുള്ള പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി കേരളത്തിന്റെ അഭിമാനമായി മാറിയത്.

സെര്‍ജി ലോസ്‌നിറ്റ്‌സ സംവിധാനം ചെയ്ത യുക്രൈന്‍-റഷ്യന്‍ ചിത്രം ഡോണ്‍ബാസിനാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം. ഉക്രൈന്‍ സംഘര്‍ഷത്തിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന ചിത്രം മേളയില്‍ വലിയ ചര്‍ച്ചയായിരുന്നു.

മികച്ച നടിക്കുള്ള പുരസ്‌കാരം വെന്‍ ട്രീസ് ഫാള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അനസ്റ്റസ്യ പുസ്റ്റോവിറ്റ് സ്വന്തമാക്കി. മില്‍കോ ലാസ്‌റോവിന്റെ അഗ എന്ന ചിത്രത്തിനാണ് പ്രത്യേക ജൂറി പുരസ്‌കാരം.

ഫിലിപ്പീന്‍സില്‍ നിന്നുള്ള റെസ്‌പെറ്റോ എന്ന ചിത്രം ഒരുക്കിയ ആല്‍ബര്‍ട്ടോ മോണ്ടെറാസിനാണ് മികച്ച നവാഗത സംവിധായകനുള്ള രജത മയൂരം. ചെഴിയാന്‍ ഒരുക്കിയ തമിഴ് ചിത്രം ടു ലെറ്റ് പ്രത്യേക ജൂറി പരാമര്‍ശം നേടി.