തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിൽ കെ. സുരേന്ദ്രനെതിരേ പുതിയ കേസ് കൂടി

ശബരിമല പ്രതിഷേധത്തില്‍ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരേ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തില്‍ തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിലാണ് പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ഇരുപതോളംപേര്‍ക്കെതിരെയാണ് ഈ സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്.

നവംബര്‍ 16ന് നെടുമ്പാശേരിയിലെത്തിയ തൃപ്തി ദേശായിയെ ബി.ജെ.പി. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. ഈ പ്രതിഷേധത്തിന് കെ. സുരേന്ദ്രനും നേതൃത്വം നല്‍കിയതിനാലാണ് അദ്ദേഹത്തിനെതിരേയും പോലീസ് കേസെടുത്തത്. തൃപ്തി ദേശായിയെ തടഞ്ഞു, വിമാനത്താവളത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു, പ്രതിഷേധത്തിന് നേതൃത്വം നല്‍കി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം ശബരിമലയില്‍ 52കാരിയെ തടഞ്ഞസംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ വിധി പറയാനായി മറ്റന്നാളത്തേക്ക് മാറ്റി. പത്തനംതിട്ട കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കേസില്‍ സുരേന്ദ്രന് വേണ്ടി അഡ്വ. രാംകുമാര്‍ ഹാജരായി. സുരേന്ദ്രന്‍ പൂജാ ചടങ്ങിനായാണ് സന്നിധാനത്തെത്തിയതെന്നും യുവതി വരുന്ന എന്ന അഭ്യൂഹത്തില്‍ അവിടെ ഉണ്ടായിരുന്ന ആള്‍ക്കൂട്ടം പെട്ടെന്ന് ഒത്തുകൂടുകയായിരുന്നു. ഇത് ഗൂഢാലോചനയല്ലെന്നും രാംകുമാര്‍ കോടതിയില്‍ വാദിച്ചു.

ഒന്നാം തിയ്യതി മുതല്‍ ഗൂഢാലോചന നടത്തിയെന്ന പ്രോസിക്യൂഷന്‍ വാദം തെറ്റാണ്. ആറാം തിയ്യതി തൃശൂര്‍ സ്വദേശിനി എത്തുന്ന കാര്യം ഒന്നാം തിയ്യതി സുരേന്ദ്രന്‍ എങ്ങനെ അറിഞ്ഞു? സ്ത്രീയെ ആക്രമിച്ച കേസില്‍ ഗൂഡാലോചനാ കുറ്റം നിലനില്‍ക്കില്ല. ആദ്യ കേസില്‍ ജാമ്യം കിട്ടിയതിന് ശേഷം സുരേന്ദ്രനെതിരെ ഒരു കോടതിയുടെയും വാറന്റുണ്ടായിരുന്നില്ല.

തീര്‍ത്തും നിയമവിരുദ്ധമായാണ് ആ സമയത്ത് കസ്റ്റഡിയില്‍ വെച്ചത്. അനധികൃത കസ്റ്റഡികള്‍ സംബസിച്ച് വിവിധ കേസുകളിലെ വിധികളും കോടതിയില്‍ ഹാജരാക്കി. 353ാം വകുപ്പ് പ്രകാരം കേസെടുത്ത നിലക്കല്‍ സംഭവത്തില്‍ ജാമ്യം ലഭിച്ചിട്ടും ജയില്‍ മോചിതനാക്കാതിരുന്നത് പുതിയ കേസില്‍ പ്രതി ചേര്‍ക്കാനായിരുന്നു. വാറന്റുണ്ടെന്ന വിവരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ കേസുകള്‍ ഉണ്ടായിരുന്നെങ്കില്‍ പുറത്തിറങ്ങിയ ശേഷം അറസ്റ്റ് ചെയ്യാമായിരുന്നു. ജയില്‍ മോചിതനാക്കാതെ തടഞ്ഞുവെക്കുകയായിരുന്നുവെന്നും ഓര്‍ഡര്‍ ഉണ്ടായിരുന്നില്ലെന്നും അഡ്വ. രാംകുമാര്‍ വാദിച്ചു.

ഫോണ്‍ കോള്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടെയാണ് സുരേന്ദ്രനെ പ്രതി ചേര്‍ത്തത് എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഒന്നാം പ്രതി സൂരജ് ഇലന്തൂരും സുരേന്ദ്രനും തമ്മില്‍ ഫോണ്‍ ചെയ്തതിന്റെ വിവരങ്ങളും പ്രോസിക്യൂഷന്‍ ഹാജരാക്കി. സുരേന്ദ്രന് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.