അന്യദേശ തീര്‍ഥാടകര്‍ ഇല്ല ; ശബരിമലയിലെ വരുമാനത്തില്‍ 25 കോടിയുടെ കുറവ്

വിവാദങ്ങള്‍ കാരണം അന്യ സംസ്ഥാനത്തിലെ തീര്‍ഥാടകര്‍ ശബരിമലയില്‍ വരാന്‍ മടിക്കുന്നത് കാരണം ഇത്തവണ ഇതുവരെ ശബരിമലയിലെ വരുമാനത്തില്‍ 25 കോടിയുടെ കുറവുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. കാണിക്ക വരുമാനം മാത്രം ആറ് കോടി 85 ലക്ഷം രൂപയുടെ കുറവുണ്ടായെന്നും അരവണ നിര്‍മാണത്തില്‍ 11 കോടി 99 ലക്ഷം രൂപയുടെ കുറവുണ്ടായെന്നും കണക്കുകള്‍ പറയുന്നു.

കഴിഞ്ഞ മണ്ഡലകാലത്ത് ആദ്യ 11 ദിവസം 41 കോടിയായിരുന്നു വരുമാനം. ഇത്തവണ അതേ സ്ഥാനത്ത് 16 കോടി രൂപമാത്രമാണ് വരുമാനമായി ലഭിച്ചത്. അപ്പം വില്‍പ്പന കഴിഞ്ഞകൊല്ലം മൂന്ന് കോടി രൂപയായിരുന്നു എന്നാല്‍ ഇപ്പോള്‍ അത് അറുപത് ലക്ഷമാണെന്നും കണക്കുകള്‍ പറയുന്നു.

മുറിവാടക ഇനത്തിലും കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ പകുതിയോളമാണ് വരുമാനത്തില്‍ കുറവുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒരു കോടി രൂപ ലഭിച്ചപ്പോള്‍ ഈ വര്‍ഷം അത് 56 ലക്ഷം മാത്രമാണ്. ആദ്യ പതിനൊന്ന് ദിനവസത്തെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.