ജില്ലാ കലോത്സവത്തില്‍ കയ്യാങ്കളി ; വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റു

തിരുവനന്തപുരത്ത് നടക്കുന്ന റവന്യുജില്ലാ കലോത്സവത്തില്‍ മത്സരഫലത്തെചൊല്ലി ഉണ്ടായ സംഘര്‍ഷത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് അധ്യാപകര്‍ക്കും പരിക്കേറ്റു. കഥാപ്രസംഗത്തിലെ ഫലത്തെ ചൊല്ലിയായിരുന്നു സംഘര്‍ഷം.

കഥാപ്രസംഗത്തിന് വൈകിയെത്തിയ വിദ്യാര്‍ത്ഥിയെ പങ്കെടുപ്പിച്ചതും ഒന്നാംസ്ഥാനം നല്‍കിയതുമാണ് സംഘര്‍ഷത്തിന് കാരണം. ഫലത്തെ ചൊല്ലി വിദ്യാര്‍ത്ഥികളും സംഘാടകരും തമ്മില്‍ വാക്കേറ്റമുണ്ടായി. തര്‍ക്കം ഏറ്റെടുത്ത് വിദ്യാര്‍ത്ഥി സംഘടനകളും പ്രാധനവേദിയായ നെയ്യാറ്റിന്‍കര ഗേള്‍ഡ് ഹൈസ്‌കൂളിലെത്തിയത് സ്ഥിതി വഷളാക്കി. തര്‍ക്കം നാടകവേദിയായ ജെബിഎസ് യുപി സ്‌കൂള്‍ വരെ നീണ്ടു.

മത്സരങ്ങള്‍ സമയത്ത് തുടങ്ങാന്‍ വൈകുന്നതും വേദികള്‍ മാറ്റിയതും രാവിലെ തന്നെ മത്സരാര്‍ത്ഥികളെ കുഴച്ചിരുന്നു.മത്സരം വൈകിയത്‌കൊണ്ട് ആഹാരം കഴിക്കാതെ തളര്‍ന്ന് വീണവരുമുണ്ട്. ഒരു വേദിയില്‍ നിന്ന് മറ്റൊരു വേദിയിലേക്കെത്താന്‍ ഉണ്ടായ ഗതാഗത തടസവും പ്രശ്‌നമായിരുന്നു.അവാസന ദിവസമായ ഇന്നും ഏറെ വൈകിമാത്രമേ മത്സരങ്ങള്‍ അവസാനിക്കാന്‍ സാധ്യതയുള്ളൂ എന്ന് രക്ഷകര്‍ത്താക്കള്‍ പരാതി പറയുന്നു.