ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടി

ഡിസംബര്‍ നാല് അര്‍ദ്ധരാത്രി വരെ നിരോധനാജ്ഞ തുടരുവാന്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം.

ശബരിമല സന്നിധാനമടക്കം നാല് സ്ഥലങ്ങളില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ നാലുദിവസം കൂടി നീട്ടി. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവടങ്ങളില്‍ നിരോധനാജ്ഞ തുടരും.

നിരോധനാജ്ഞ നീട്ടണം എന്നായിരുന്നു പൊലീസിന്റെ ആവശ്യം. മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്നായിരുന്നു പൊലീസിന്റെ നിലപാട്. ഭക്തര്‍ക്ക് നിരോധനാജ്ഞ ബാധകമായിരിക്കില്ല. ശരണം വിളിക്കുന്നതിനോ, ഭക്തര്‍ സംഘമായി ദര്‍ശനത്തിനെത്തുന്നതിനോ തടസ്സമുണ്ടാകില്ലെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം അക്രമസാധ്യത നിലനില്‍ക്കുന്നതിനാലും തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പിക്കുന്നതിനുമാണ് നിരോധനാജ്ഞയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.