ജിഡിപിയില്‍ വന്‍ ഇടിവ്, രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത് 7.1 ശതമാനം മാത്രം

രാജ്യത്ത് 2017-2018 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ആഭ്യന്തര ഉത്പാദനത്തില്‍ ഇടിവ്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുളള പാദത്തിലെ മൊത്ത ആഭ്യന്തര (ജിഡിപി) ഉല്‍പ്പാദനം 7.1 മാത്രമാണ്. ജൂണില്‍ അവസാനിച്ച് 2017-18 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ജിഡിപി 8.2 ശതമാനമായിരുന്നു.

വിവിധ റേറ്റിംഗ് ഏജന്‍സികളുടെ പ്രവചനം ഇന്ത്യയുടെ ജിഡിപി 7.4 ശതമാനത്തിനും 7.7 ശതമാനത്തിനും ഇടയിലായിരിക്കുമെന്നായിരുന്നു. എന്നാല്‍, പ്രതീക്ഷിച്ചതിലും ഇടിവ് ജിഡിപിയില്‍ രേഖപ്പെടുത്തിയത് സാമ്പത്തിക വിദഗ്ധരില്‍ ഞെട്ടല്‍ ഉളവാക്കി. കഴിഞ്ഞ വര്‍ഷം ഇതേസമയം രാജ്യത്തിന്റെ ജിഡിപി 6.3 ശതമാനമായിരുന്നു.

എന്നാല്‍, അന്ന് ഇന്ത്യന്‍ സമ്പദ്ഘടന ജിഎസ്ടിയുടെയും നോട്ട് നിരോധനത്തിന്റെയും പ്രതിസന്ധികള്‍ നേരിടുകയായിരുന്നു. ഉല്‍പ്പാദന മേഖല സെപ്റ്റംബര്‍ പാദത്തില്‍ 7.4 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ മൈനിംഗ്, ക്വാറി മേഖലകളുടെ വളര്‍ച്ച 2.4 ശതമാനത്തില്‍ ഒതുങ്ങി.

നിര്‍മ്മാണ മേഖലയില്‍ 7.8 ശതമാനം വളര്‍ച്ചയും ഫാമിംഗ് സെക്ടറില്‍ 3.8 ശതമാനം വളര്‍ച്ച നിരക്കും രേഖപ്പെടുത്തി. അതേസമയം ജിഡിപിയില്‍ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഇന്ത്യ ഇപ്പോഴും ലോകത്തില്‍ ഏററവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയാണ്. വരുന്ന സാമ്പത്തിക പാദത്തിലും സമ്മര്‍ദ്ദങ്ങള്‍ തുടര്‍ന്നാല്‍ ജിഡിപി 7.1 ശതമാനമായി തുടരുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. അതേസമയം ജിഡിപി കുറഞ്ഞത് നിരാശപ്പെടുത്തുന്നുവെന്നാണ് സാമ്പത്തിക സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ട്വീറ്റ് ചെയ്തത്.