സംസ്ഥാനത്ത് കടുത്ത മാധ്യമനിയന്ത്രണം; മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരുടെ പ്രതികരണം തേടാന്‍ മുന്‍‌കൂര്‍ അനുമതി വേണം

സംസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവ് വിവാദമാകുന്നു. ഇനി മുതല്‍ മുന്‍കൂട്ടി അനുമതി ഇല്ലാതെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങള്‍ തേടുന്നതിന് വിലക്കിയാണ് ഉത്തരവ്. ആഭ്യന്തരസെക്രട്ടറി സുബ്രതോ വിശ്വാസാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

പൊതുസ്ഥലത്ത് വച്ച് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിശിഷ്ടവ്യക്തികളുടെയും പ്രതികരണങ്ങള്‍ മാധ്യമങ്ങളാരായുന്നത് സുരക്ഷാ
ഭീഷണിയുണ്ടാക്കുന്നവെന്നാണ് ആഭ്യന്തരസെക്രട്ടറി സുബ്രതോ ബിശ്വാസിന്റെ ഉത്തരവില്‍ പറയുന്നത്. മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരുടെ അഭിമുഖങ്ങള്‍ക്ക് പി.ആര്‍.ഡി വഴി അനുമതി വാങ്ങണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ മാധ്യമവിഭാഗത്തിനും പി.ആര്‍.ഡിക്കൊപ്പം വിവരങ്ങള്‍ നല്‍കാം.

ഇനി മുതല്‍ വകുപ്പുകള്‍ നേരിട്ട് മാധ്യമങ്ങള്‍ക്ക് വിവരം നല്‍കേണ്ടെന്നനും ഉത്തരവില്‍ പറയുന്നു. ജില്ലാതലങ്ങളില്‍ വിവരങ്ങള്‍ നല്‍കുന്ന വകുപ്പ് ഉദ്യോഗസ്ഥരെ മാധ്യമപ്രവര്‍ത്തകര്‍ ”സര്‍ക്കാര്‍ വിരുദ്ധ സോഴ്‌സാ”ക്കി മാറ്റുന്നുവെന്നും ഉത്തരവില്‍ പറയുന്നു.

പി.ആര്‍.ചേമ്പറിലെ വാര്‍ത്താസമ്മേളനങ്ങള്‍ക്ക് എത്തുന്ന മാധ്യമപ്രവര്‍ത്തകരുടെയും ഒ.ബി വാനുകളുടെയും വിവരങ്ങള്‍ മുന്‍ കൂട്ടി പിആര്‍ഡിയെ അറിയിക്കണം. പൊതുപരിപാടികള്‍ക്കിടയിലും റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളില്‍ മന്ത്രിമാരുടെ പ്രതികരണമെടുക്കുന്നത് സഞ്ചാര സ്വാതന്ത്യത്തെ തടയലാണെന്ന വാദവും ഉത്തരവില്‍ ഉന്നയിക്കുന്നു. ഈ സ്ഥലങ്ങളില്‍ പി.ആര്‍.ഡി ഒരുക്കുന്ന സംവിധാനങ്ങള്‍ വഴി മാത്രമാകണം പ്രതികരണം നല്‍കേണ്ടത്. അതേസമയം മാധ്യമങ്ങളുടെ വാ മൂടിക്കെട്ടാനാണ് സര്‍ക്കാര്‍ ശ്രമിയ്ക്കുന്നതെന്ന് കുറ്റപ്പെടുത്തുകയാണ് പ്രതിപക്ഷം.